സംരക്ഷണമില്ല : ഓമല്ലൂരിലെ ശുദ്ധജല സ്രോതസുകൾ നഷ്ടമാകുന്നു
1422835
Thursday, May 16, 2024 3:52 AM IST
ഓമല്ലൂർ: സംരക്ഷണമില്ലാതെ ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകൾ നഷ്ടമാകുന്നു. സ്വകാര്യ വ്യക്തികളുടേതടക്കം 40 ഓളം കുളങ്ങൾ പഞ്ചായത്ത് പരിധിയിൽ ഉണ്ടായിരുന്നതായാണ് രേഖകൾ. നിലവിൽ ഒന്നോ രണ്ടോ കുളങ്ങൾ മാത്രമാണ് ഉപയോഗയോഗ്യമായിട്ടുള്ളത്. മറ്റുള്ളവ എല്ലാംതന്നെ മണ്ണിട്ടു മൂടിയ നിലയിലാണ്.
പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസായിരുന്നു മഞ്ഞനിക്കര ചാലിങ്കര പള്ളിക്ക് സമീപമുള്ള കുറുംചാൽ എന്നറിയപ്പെടുന്ന കുരുവേലിച്ചിറ. രണ്ടാം വാർഡ് ഐമാലി വെസ്റ്റിനേയും പതിമൂന്നാം വാർഡ് മഞ്ഞനിക്കരയ്ക്കും അതിർത്തി നിശ്ചയിച്ചുകൊണ്ട് നാല് ഏക്കറിൽ വ്യാപിച്ചു കിടന്നിരുന്ന ചാൽ പഞ്ചായത്തിന്റെ അനാസ്ഥമൂലം ദുർഗന്ധം വമിക്കുന്ന വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.
സമീപപ്രദേശങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ മുഴുവൻ ചാലിലേക്കാണ് നിക്ഷേപിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസായിരുന്നു കുറിഞ്ചാൽ.വേനൽക്കാലത്ത് നീന്തൽ പരിശീലനത്തിനും കുളിക്കാനും തുണി അലക്കാനും ദൂരദേശങ്ങളിൽനിന്ന് പോലും നിരവധി പേർ ചാലിൽ എത്തിയിരുന്നു. ബോട്ടിംഗ് അടക്കമുള്ള ടൂറിസം പദ്ധതികളും ചാലുമായി ബന്ധപ്പെട്ട് ആലോചിച്ചിരുന്നതാണ്.
നാലേക്കർ ഉണ്ടായിരുന്ന ചാൽ ഇപ്പോൾ രണ്ട് ഏക്കറായി ചുരുങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു.
നിരവധി പദ്ധതികൾ വിഭാവനം ചെയ്തിരുന്ന ചാലിൽ പഞ്ചായത്തിന്റെ അനാസ്ഥ മൂലം ഒന്നും നടപ്പാക്കാനായിട്ടില്ല.
കഴിഞ്ഞ വർഷം ഗ്രാമപഞ്ചായത്തിന്റെ ചുമതലയിൽ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് കോട്ടയത്ത് നിന്നും താമര വിത്ത് എത്തിച്ചു വിതറിയതാണ്. എന്നാൽ, ഒരു താമര പോലും വിരിഞ്ഞില്ല.
വലിയതോട്ടിലും നീരൊഴുക്ക് നിലച്ചു
ചെന്നീർക്കര, ഓമല്ലൂർ പഞ്ചായത്തുകളിലൂടെ ജലസമൃദ്ധിയോടെ ഒഴുകിയിരുന്ന വലിയ തോട്ടിലെയും നീരൊഴുക്ക് നിലച്ചു. താണാമുട്ടം ഏലായിൽ ഇരിപ്പു കൃഷി ചെയ്യാനുള്ള ജലം ലഭിച്ചിരുന്നത് വലിയ തോട്ടിൽനിന്നാണ്.
മഞ്ഞനിക്കരയിലെയും ചെന്നീർക്കരയിലെയും കോളനി നിവാസികൾ ദൈനംദിന ആവശ്യങ്ങൾക്കുള്ള ശുദ്ധജലത്തിന് തോടിനെയാണ് ആശ്രയിച്ചിരുന്നത് മുണ്ടകൻ ഏലയുടെ വിരിമാറിലൂടെ ജലസമൃദ്ധിയോടെ ഒഴുകിയിരുന്ന തോടും ഓർമയായി. നീരൊഴുക്ക് നിലച്ചതോടെ ഇരിപ്പു കൃഷി ചെയ്തിരുന്ന ഏലായിൽ കൃഷി ഇറക്കാൻ ആവാതെ 100 ഏക്കറോളം വരുന്ന വയലുകൾ തരിശു കിടക്കുകയുമാണ്.
കൃഷിക്ക് ആവശ്യമായ ജലം എത്തിക്കാൻ മൈനർ ഇറിഗേഷൻ പദ്ധതി പ്രകാരം ലക്ഷങ്ങൾ മുടക്കി ഉഴുവത്ത് ദേവീക്ഷേത്രത്തിനു സമീപം നിർമിച്ച പമ്പ് ഹൗസും മോട്ടോറുകളും പ്രവർത്തനരഹിതമായതിനു പിന്നാലെ തുരുമ്പെടുത്ത് നശിച്ചു. മഞ്ഞനിക്കര പള്ളിയറക്കാവിന് സമീപം വരെ പണിത ബണ്ടും ഉപയോഗശൂന്യമായി കിടക്കുകയാണ്.
ജല അഥോറിറ്റിയുടെ പമ്പ് ഹൗസും പരിസരങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പന്പ് ഹൗസിലെ രണ്ട് മോട്ടോറുകളും ആരോ മോഷ്ടിച്ചുകൊണ്ടു പോയിട്ട് വർഷങ്ങളായി.
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ കുറുംചാലും അനുബന്ധ ജലസ്രോതസുകളും വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥയും ദീർഘവീക്ഷണം ഇല്ലായ്മയുമാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
മലിനപ്പെട്ടു കിടക്കുന്ന ഓമല്ലൂർ കുറുംചാലിനെ പ്രധാനമന്ത്രിയുടെ അമൃത സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്നാവശ്യമാണ് ഉയരുന്നത്.