പെരുന്തേനരുവിയിൽ പന്പിംഗ് തടസപ്പെട്ടിട്ട് രണ്ടുദിവസം
1422836
Thursday, May 16, 2024 3:58 AM IST
റാന്നി: വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിംഗ് തടസപ്പെട്ടിട്ട് രണ്ടു ദിവസമായിട്ടും പരിഹാരം കാണാതെ അധികൃതര്‍. കടുത്ത വേനലില്‍ ജലക്ഷാമം രൂക്ഷമായിരിക്കുന്ന സമയത്ത് പമ്പിംഗ് മുടങ്ങിയത് വലിയ ജനരോക്ഷം വരുത്തിവച്ചിട്ടുണ്ട്. മോട്ടോര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന പാനല്‍ ബോര്‍ഡിലെ കോണ്ടാക്ട് തകരാറാണ് ഇപ്പോള്‍ പമ്പിംഗ് മുടങ്ങാന്‍ കാരണമെന്നാണ് സൂചന.
പമ്പിംഗ് നിലച്ചതോടെ വെച്ചൂച്ചിറ പഞ്ചായത്ത് പൂര്‍ണമായും നാറാണംമൂഴി, പഴവങ്ങാടി പഞ്ചായത്തുകളില്‍ ഭാഗികമായും ജലവിതരണം നിലച്ചു. നേരത്തെ 20 മണിക്കൂര്‍ പമ്പിംഗ് നടത്തിയിരുന്ന പെരുന്തേനരുവിയില്‍ വേനല്‍ കടുത്തതോടെ മുഴുവന്‍ സമയ പമ്പിംഗാണ് നടക്കുന്നത്. ഇതിന് വേണ്ടുന്ന ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് മുഴുവന്‍ സമയ പമ്പിംഗ് ആരംഭിച്ചതെന്നും ആരോപണമുയരുന്നുണ്ട്.
കൂടുതല്‍ സമയം പമ്പിംഗ് നടത്തുന്നതിനുള്ള ശേഷി മോട്ടോറിനും പാനല്ബോര്ഡിലും വരുത്തേണ്ടതുണ്ട്. ഇതാണ് ഇപ്പോള്‍ തകര്‍ച്ചയുടെ പ്രധാന കാരണം. സ്റ്റാര്‍ട്ടര്‍ തകരാര്‍ ജല അഥോറിറ്റിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പമ്പാനദിയിലെ പെരുന്തേനരുവിയിൽ നിർമിച്ചിട്ടുള്ള കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ആശ്രമം പ്ലാന്റിൽ ശുദ്ധീകരിച്ച് വിതരണം നടത്തുന്ന പദ്ധതിയാണിത്.
പ്ലാവേലിനിരവ്, തലമുട്ടിയാനിപ്പാറ, കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ എന്നിവിടങ്ങളിലാണ് പദ്ധതിക്കായി സംഭരണികൾ പണിതിട്ടുള്ളത്. റോഡ് പണിക്കിടെ പൈപ്പുകൾ പൊട്ടിയതു മൂലം പദ്ധതിയുടെ ഭാഗമായ കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ സംഭരണികളില്‍ രണ്ടു വർഷത്തോളമായി ജല വിതരണം മുടങ്ങിയിരുന്നു.
ഇവിടങ്ങളില്‍ ഇപ്പോള്‍ ഭാഗികമായി ജല വിതരണം നടക്കുന്നുണ്ട്. പമ്പിംഗ് തടസപ്പെടുന്നതു മൂലം നവോദയ, പോളിടെക്നിക് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിക്കും. കുടിവെള്ളം മുടങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് ബദല്‍ സംവിധാനമൊരുക്കാന്‍ പഞ്ചായത്തോ, ജല അഥോറിറ്റിയോ തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.