കളക്ഷൻ തുക മോഷ്ടിച്ചുകടന്ന പെട്രോൾ പമ്പ് ജീവനക്കാരൻ പിടിയിൽ
1422837
Thursday, May 16, 2024 3:58 AM IST
പത്തനംതിട്ട: കളക്ഷൻ തുക മോഷ്ടിച്ചുകടന്ന പെട്രോൾ പമ്പ് ജീവനക്കാരനെ കോയിപ്രം പോലീസ് പിടികൂടി. തിരുവനന്തപുരം തിരുമല ആലപ്പുറം ഈഴംകുഴി വീട്ടിൽ അനിൽ കുമാർ (25) ആണ് അറസ്റ്റിലായത്. വെണ്ണിക്കുളം ഫ്യൂവൽസ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായ പ്രതി, കഴിഞ്ഞമാസം 18ന് ഉച്ചയ്ക്കാണ് കളക്ഷൻ തുകയായ 71,000 രൂപയുമായി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടത്.
പമ്പ് ഉടമ കറുകച്ചാൽ ചമ്പക്കര മംഗലത്ത് വടക്കേതിൽ വീട്ടിൽ കേശവന്റെ മൊഴിപ്രകാരം കേസെടുത്ത കോയിപ്രം പോലീസ്, ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദേശാനുസരണം അന്വേഷണം ഊർജിതമാക്കിയിരുന്നു. മലപ്പുറം കൊണ്ടോട്ടിയിൽനിന്നും ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപകമാക്കിയതിനെത്തുടർന്നാണ് അറസ്റ്റ്. വിരലടയാള വിദഗ്ധരും മറ്റും സ്ഥലത്തെത്തി അന്വേഷണം നടത്തി ശാസ്ത്രീയതെളിവുകൾ ശേഖരിച്ചിരുന്നു.
സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു.
പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. മോഷ്ടിച്ച പണം പലയിടങ്ങളിലും കറങ്ങിനടന്ന് മദ്യപിച്ചും ഭക്ഷണം കഴിച്ചും ചിലവഴിച്ചുതീർത്തതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. ഇയാൾ മലയൻകീഴ്, ആലുവ പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.