പള്ളിക്കത്തോട്ടിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: കോൺഗ്രസ്
1422698
Wednesday, May 15, 2024 6:07 AM IST
പള്ളിക്കത്തോട്: അന്തരിച്ച ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രത്യേക താത്പര്യമെടുത്ത് പള്ളിക്കത്തോടിന് അനുവദിച്ചു തന്ന കെഎസ്ഇബി സെക്ഷൻ ഓഫീസ് അയൽപഞ്ചായത്തിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായി ആക്ഷേപം.
യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന സ്ഥാപനങ്ങൾ പലതും പള്ളിക്കത്തോടിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. വർഷങ്ങളായി പള്ളിക്കത്തോട്ടിൽ പ്രവർത്തിച്ചുവന്നിരുന്ന സംസ്ഥാന വെയർഹൗസിംഗ് കോർപറേഷൻ ഓഫീസ് നിർത്തലാക്കി.
സർക്കാർസ്ഥാപനങ്ങൾ നിലനിർത്താൻ അടിസ്ഥാനസൗകര്യം ഒരുക്കിക്കൊടുക്കേണ്ട പള്ളിക്കത്തോട് പഞ്ചായത്ത് എൻഡിഎ ഭരണസമിതി നോക്കുകുത്തിയായിരിക്കുകയാണെന്നും കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.
സർവകക്ഷി യോഗം ചേർന്നു പ്രശ്നം ചർച്ച ചെയ്യണമെന്നും പഞ്ചായത്തു കമ്മിറ്റി പള്ളിക്കത്തോട്ടിലെ ജനങ്ങളോട് നീതി കാട്ടണമെന്നും കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം പ്രസിഡന്റ് ജോജി മാത്യു ആവശ്യപ്പെട്ടു. പ്രശ്നപരിഹാരമുണ്ടാകുന്നില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാൻ കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.