കടമാന്ചിറയില് വാടകവീട്ടിൽനിന്ന് 2.5 ലക്ഷം രൂപയും സ്വർണവും മോഷ്ടിച്ചു; മൂന്ന് വീടുകളില്‍ മോഷണശ്രമം
1422709
Wednesday, May 15, 2024 6:18 AM IST
ചങ്ങനാശേരി: കടമാന്‍ചിറ ക്രൈസ്റ്റ് നഗറില്‍ പുലര്‍ച്ചെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെയോടെയാണ് നാലു വീടുകളില്‍ മോഷണം നടന്നത്. ഈ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാശേരി മാര്‍ക്കറ്റ് സ്വദേശി കൊച്ചുപറമ്പില്‍ ജോസി വര്‍ഗീസിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടരലക്ഷം രൂപയും ഒന്നര പവന്റെ സ്വര്‍ണാഭരണങ്ങളുമാണ് മോഷണം പോയത്.
ജോസിയുടെ ഭാര്യ സൗമ്യ ജോലിക്കായി കാനഡയ്ക്കു പോകുന്നതിനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ബാങ്കില്‍നിന്നെടുത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ അടുക്കളഭാഗത്തെ കതക് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയുടെ പൂട്ടുപൊളിച്ചാണ് പണവും സ്വര്‍ണവും കവര്‍ന്നത്. മോഷണം നടക്കുമ്പോള്‍ സൗമ്യയും രണ്ടു മക്കളും വീട്ടിലെ ബെഡ്റൂമില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ജോലിക്കുശേഷം ജോസി വീട്ടിലെത്തിപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരമറിയുന്നത്.
സൗമ്യയുടെ പാന്‍കാര്‍ഡും പാസ്പോര്‍ട്ടും മറ്റു സര്‍ട്ടിഫിക്കറ്റുകളും ബാഗും പഴ്സുകളും വീടിനു പിന്നിലും സമീപത്തെ പുരയിടത്തിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സമീപത്തെ മറ്റൊരു വീട്ടില്‍ മേശയുടെ ഡ്രോയില്‍ സൂക്ഷിച്ചിരുന്ന 900 രൂപയും മോഷണം പോയിട്ടുണ്ട്.
ചങ്ങനാശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷന് ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിംഗര്‍പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീടിന്റെ സിസിടിവിയില്‍നിന്നു മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.