ശബരിമല തീർഥാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു ബാലൻ മരിച്ചു
1422762
Wednesday, May 15, 2024 11:24 PM IST
കണമല: ശബരിമല ദർശനം കഴിഞ്ഞ് വന്ന തീർഥാടകർ സഞ്ചരിച്ച ബസ് നാറാണംതോട് മന്ദിരം പടി വളവിൽ മറിഞ്ഞ് ആറുവയസുകാരൻ മരിച്ചു. തിരുവണ്ണാ പുരം സ്വദേശി അഡ്വ. രാജശേഖ രവർമയുടെ മകൻ കവിൻ ആണ് മരിച്ചത്.
മരിച്ച കവിന്റെ പിതാവും സഹോദരിയുമുൾപ്പെടെ ഗുരുതര പരിക്കുകളുള്ള സുബ്രമണി, രാജ് കുമാർ, കൃഷ്ണ റെഡി, ശക്തിവേൽ എന്നിവരും അസീസി ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിൽ 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
തമിഴ്നാട്ടിൽനിന്ന് ദർശനത്തിനെത്തിയ സംഘത്തിലെ ബാലനാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് വരുമ്പോൾ നാറാണംതോട് മന്ദിരംപടി ഭാഗത്താണ് അപകടം ഉണ്ടായത്.
പമ്പ സ്റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ്, ഫയർഫോഴ്സ്, സ്പെഷൽ ഡ്യൂട്ടിയിലുള്ള പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് വാഹനം ഉയർത്തി ഗതാഗത തടസം ഒഴിവാക്കി. ഈ സ്ഥലത്തുണ്ടായ മൂന്നാമത്തെ അപകടമാണിത്.
എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച കവിന്റെ മൃതദേഹം പമ്പ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
അപകടകാരണം അവ്യക്തം
മന്ദിരം പടിയുടെ മുകളിലെ ജംഗ്ഷനിൽ മിനി ബസ് നിർത്തി ഹോട്ടലിൽ നിന്ന് എല്ലാവരും ഭക്ഷണം കഴിച്ചശേഷം യാത്ര പുറപ്പെട്ട് അഞ്ച് മിനിറ്റ് ആകുംമുമ്പേ ആണ് അപകടമെന്ന് ബസിലെ തീർഥാടകരിൽ നിസാര പരിക്കേറ്റയാൾ പറഞ്ഞു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കും വ്യക്തമല്ല.
വളവ് തിരിഞ്ഞുവന്ന ശേഷമാണ് പെട്ടെന്ന് ബസ് മറിഞ്ഞതെന്നും ബസിന് അമിതവേഗം ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. വാർഡ് അംഗം ശ്യാമിന്റെ നേതൃത്വത്തിൽ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്. അൽപസമയത്തിനകം നിലയ്ക്കൽ സ്റ്റേഷനിൽനിന്നു പോലീസും ഒപ്പം ഫയർഫോഴ്സും എത്തി.
മറിഞ്ഞ ബസിന്റെ അടിയിൽപ്പെട്ട നിലയിലായിരുന്നു കവിൻ. പുറത്തേക്ക് എടുക്കുമ്പോൾ ജീവൻ ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബസ് ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തുനിന്നു നീക്കി.
ആശുപത്രികൾ ഇനിയുമകലെ
അത്യാഹിതങ്ങൾ ഏറെ സംഭവിക്കുന്ന ശബരിമല പാതയിൽ അടിയന്തര ചികിത്സാ സംവിധാനമില്ലാത്തത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ മാത്രമാണ് സർക്കാർ ആശുപത്രിയുള്ളത്.
ഈ ആശുപത്രികളിൽ രണ്ടര മാസമുള്ള ശബരിമല സീസണിൽ മാത്രമാണ് അത്യാഹിത ചികിത്സയുള്ളത്. ഗുരുതര പരിക്ക് സംഭവിച്ചാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും എത്തിക്കേണ്ടി വരുന്നു.
ദൂരം ഏറെയുള്ള ഈ ആശുപത്രികളിൽ എത്തിക്കുമ്പോൾ രോഗികൾ മരണത്തിന്റെ വക്കിൽ എത്തുന്ന സ്ഥിതിയാണ്. അപകടങ്ങളിൽ അടിയന്തര ചികിത്സ ലഭ്യമാകുന്ന നിലയിൽ ശബരിമല പാതയിലെ സർക്കാർ ആശുപത്രികളിൽ സംവിധാനം ഒരുക്കണമെന്ന് ആവശ്യം ശക്തമാണ്.