മറ്റൊരു കൂടുകൂടി സ്ഥാപിച്ചു : കെണിയിൽ കുടുങ്ങാതെ പുലി: വീണ്ടും കുറുക്കനെ കൊന്നു
1419159
Sunday, April 28, 2024 3:38 AM IST
തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരി മേഖലയിൽ ഭീതി പരത്തി വിലസുന്ന പുലി വീണ്ടും കുറുക്കനെ കൊന്നുതിന്നു. പുലിയെ കുടുക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ച് കെണിയൊരുക്കി കാത്തിരിക്കുന്നതിനിടെയാണ് ഇവിടെനിന്ന് അകലെയായി പാറക്കടവിൽ കുറുക്കനെ പുലി കൊന്നു തിന്നത്.
ഇവിടെ പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. വടക്കുംമുറി അഴകുംപാറ ഭാഗത്ത് നായയെ ചത്ത നിലയിൽ കണ്ടതും പുലിയുടെ ആക്രമണമെന്നാണ് സൂചന. വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതിനിടെ പുലിയെ കൂടിനടുത്തേക്ക് ആകർഷിക്കാൻ ഇതിനു സമീപത്തു തന്നെ ഇന്നലെ മറ്റൊരു കൂടു സജ്ജമാക്കി അതിൽ ആടിനെ കെട്ടിയിട്ടു. ആടിന്റെ കരച്ചിൽ കേട്ട് പുലിയെത്തുമെന്നും സമീപത്ത് സ്ഥാപിച്ചിരിക്കുന്ന കൂട്ടിൽ കയറുമെന്നാണ് വനംവകുപ്പുദ്യോഗസ്ഥരുടെ നിഗമനം. പുലിയെ വീഴ്ത്താനായി തയാറാക്കിയിരിക്കുന്ന കൂട്ടിൽ ചത്ത കോഴിയെ ആണ് ഇട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇട്ട ചത്ത കോഴിയെ മാറ്റി വേറെ കോഴിയെ ഇട്ടു. പുലി ഉടൻ തന്നെ കൂട്ടിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുട്ടം റേഞ്ച് ഓഫീസർ പറഞ്ഞു. രണ്ടു മാസത്തിലേറെയായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖല പുലിയുടെ ഭീതിയിലാണ്. ഇവിടെ ഒട്ടേറെ വളർത്തു മൃഗങ്ങളെയാണ് പുലി കൊന്നത്.
കൂടാതെ പ്രദേശവാസികളായ പലരും പുലിയോട് സമാനമായ ജീവിയെ കാണുകയും ചെയ്തു. കഴിഞ്ഞ 16ന് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. തുടർന്നാണ് പെരിയാർ ടൈഗർ റിസർവിൽ നിന്നെത്തിച്ച കൂട് ഇവിടെ സ്ഥാപിച്ചത്.
പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.