മൂലമറ്റത്തും പുലി?
1422817
Thursday, May 16, 2024 3:25 AM IST
മൂലമറ്റം: മുട്ടത്തും കരിങ്കുന്നത്തിനും പുറമേ മൂലമറ്റത്തും പുലിയെ കണ്ടതായി അഭ്യൂഹം. ഇന്റർമീഡിയറ്റ് ആഡിറ്റ് റോഡരുകിൽ കുളത്തിനാൽ ഒൗസേപ്പച്ചന്റെ പുരയിടത്തിലെ റബർ ടാപ്പിംഗ് തൊഴിലാളികളാണ് പുലിയെന്നു സംശയിക്കുന്ന ജീവിയെ ആദ്യം കാണുന്നത്.
തോട്ടത്തിലെ വീടിന്റെ വരാന്തയിൽ ഇരിക്കുന്പോൾ പുരയിടത്തിലൂടെ പുലി ഇറങ്ങി വരുന്നതു കണ്ടെന്നാണ് ഇവർ പറയുന്നത്. മറ്റത്തിൽ ശശിയും ഭാര്യ തങ്കമ്മയുമാണ് ഇതിനെ കണ്ടത്. തോട്ടം തെളിച്ചിരുന്നതുകൊണ്ട് മൃഗത്തെ വ്യക്തമായി കണ്ടെന്നും ഇത് പുലി തന്നെയാണെന്നും ഇവർ ഉറപ്പിച്ചു പറയുന്നു.
ഇവർ പിന്നീട് വീട്ടിലെത്തിയ ശേഷം വാർഡ് മെംബർ സിനി തോമസിനെ വിവരം അറിയിച്ചു. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇവരുടെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകി ഉദ്യോഗസ്ഥർ മടങ്ങി.
തിങ്കളാഴ്ച രാത്രി ആശാരിപറന്പിൽ നാരായണന്റെ വീട്ടിൽ നായുടെ കുര കേട്ട് വീട്ടുകാർ ഇറങ്ങി നോക്കിയപ്പോൾ അജ്ഞാത ജീവി ഓടിപ്പോകുന്നതു കണ്ടു. വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകൾ കണ്ടെത്താനായില്ല.
മാസങ്ങൾക്കു മുൻപ് ഇതിന് സമീപത്തുള്ള അഞ്ചാനിക്കൽ റെന്നിയുടെ മുറ്റത്ത് പൂച്ചയെ പിടിക്കാൻ വന്ന പുലിയെ കണ്ടതായി റെന്നി പറഞ്ഞെങ്കിലും ഇതാരും മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇപ്പോൾ കൂടുതൽ പേർ പുലിയെ കണ്ടതായി വിവരം നൽകിയതോടെ നാട്ടുകാർ ഭീതിയിലായി. പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.