കൂത്താട്ടുകുളം കാർഷിക ലേല വിപണി സന്ദർശിച്ച് ജില്ലാ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടറും സംഘവും
1422638
Wednesday, May 15, 2024 4:04 AM IST
കൂത്താട്ടുകുളം: ജില്ലാ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടറും സംഘവും കൂത്താട്ടുകുളം കാർഷിക ലേല വിപണി സന്ദർശനം നടത്തി. കൂത്താട്ടുകുളം മേഖലയിലെ കർഷകരുടെ സഹകരണത്തോടെ കഴിഞ്ഞ 15 വർഷമായി കൂത്താട്ടുകുളം കഐസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമീപം പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിലാണ് എറണാകുളം ജില്ല അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ലക്ഷ്മിശ്രീ, പിറവം ബ്ലോക്ക് അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ പി.ജി. സീന എന്നിവരടങ്ങുന്ന സംഘം സന്ദർശനം നടത്തിയത്.
രണ്ടു കോടി 40 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ കൂത്താട്ടുകുളത്തെ ലേല വിപണി വഴി വിറ്റഴിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിപണന കേന്ദ്രത്തിന്റെ തുടർ പ്രവർത്തനത്തിന് സർക്കാർ തലത്തിൽ സാന്പത്തിക സഹായം ലഭിക്കുന്നതിന് വിപണന കേന്ദ്രം പ്രസിഡന്റ് ജോയിക്കുട്ടി ജോണിന്റെ അഭ്യർഥനയെ തുടർന്നാണ് സംഘം ഇവിടെ സന്ദർശനം നടത്തിയത്.
വി.എസ്. സുനിൽകുമാർ മന്ത്രിയായിരിക്കെ ഇവിടം സന്ദർശിക്കുകയും 10 ലക്ഷം രൂപ വിപണന കേന്ദ്രത്തിന് സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. ഇതുവരെ ആ ധനസഹായം ലഭിച്ചിട്ടില്ല.
വിപണി പ്രവർത്തനത്തിന് പ്രതിവാരം 25,000 രൂപയോളം ചെലവ് വരുന്നുണ്ട്. ലാഭവിഹിതത്തിന്റെ രണ്ട് ശതമാനം ഇപ്പോഴും അംഗങ്ങൾക്ക് വിതരണം ചെയ്തു വരുന്നു. സംഘടനയുടെ കമ്മിറ്റിക്കാരടക്കമാണ് വിപണി പ്രവർത്തനത്തിന് സഹായകരമായി പ്രവർത്തിക്കുന്നത്.
സർക്കാർ ധനസഹായം ലഭിച്ചാൽ വിപണി കൂടുതൽ ഫലവത്താക്കി പ്രവർത്തിച്ച് മുന്നോട്ട് പോകാനാകുമെന്ന് പ്രസിഡന്റ് ജോയിക്കുട്ടി ജോണ്, സെക്രട്ടറി പോൾ മാത്യു, ട്രഷറർ സജി ജോസഫ് തുടങ്ങിയവർ പറഞ്ഞു.
സഹായധനം ലഭിക്കുന്നതിനുവേണ്ടി പ്രസിഡന്റ് ജോയിക്കുട്ടി ജോണ് ജില്ല അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ലക്ഷ്മിശ്രീക്ക് നിവേദനം നൽകി. കർഷകരുടെ ഉൽപ്പന്ന വിപണന കേന്ദ്രങ്ങളിൽ ഇക്കോ ഷോപ്പുകൾ തുടങ്ങുന്നതിന് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും കൂത്താട്ടുകുളം വിപണന കേന്ദ്രത്തിന് ആവശ്യമായ സഹായധനം സർക്കാരിൽനിന്നു ലഭ്യമാക്കുന്നതിന് വേണ്ട എല്ലാ ശ്രമങ്ങളും നടത്തുമെന്നും ലക്ഷ്മിശ്രീ പറഞ്ഞു.