മംഗലപ്പുഴ പാലം ബലപ്പെടുത്തുന്നു
1422642
Wednesday, May 15, 2024 4:04 AM IST
ആലുവ: ദേശീയപാതയിൽ പെരിയാറിന് കുറുകെയുള്ള മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണി 17 മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി ആലുവ മേഖലയിലേക്ക് വരുന്ന ചരക്കുലോറികൾ അങ്കമാലിയിൽനിന്നും കാലടി, പെരുമ്പാവൂർ വഴി തിരിച്ചുവിടാനാണ് തീരുമാനം. സർവീസ് ബസുകളടക്കമുള്ള ചെറിയ വാഹനങ്ങൾക്ക് പാലത്തിൽ ഒറ്റവരി ഗതാഗതം അനുവദിക്കും.
20 ദിവസത്തിനകം ജോലികൾ പൂർത്തീകരിക്കാൻ ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്. ഗതാഗതക്കുരുക്ക് അനിയന്ത്രിതമായാൽ ഗതാഗത സംവിധാനം പുന:പരിശോധിക്കും.
64 വർഷം പഴക്കമുള്ള മംഗലപ്പുഴ പാലം ആദ്യമായിട്ടാണ് ബലപ്പെടുത്തുന്നത്. ആലുവ ബൈപാസ് മേൽപ്പാലത്തിന്റെയും മാർത്താണ്ഡ വർമ്മ പാലത്തിന്റെയും ബലപ്പെടുത്തൽ കഴിഞ്ഞ മാസത്തോടെ പൂർത്തീകരിച്ചിരുന്നു. ബൈപ്പാസ് പാലത്തിനടിയിൽനിന്ന് ചെയ്തതിനാൽ ഗതാഗതം തടസം ഇല്ലാത്ത രീതിയിലാണ് നടന്നത്.
കരാറുകാർ പോലീസിന്റെ സഹായം മാസങ്ങൾക്ക് മുമ്പ് തേടിയെങ്കിലും അറ്റകുറ്റപ്പണി നീണ്ടുപോകുകയായിരുന്നു. മംഗലപ്പുഴ പാലത്തിന്റെ ബലപ്പെടുത്തൽ നടക്കുമ്പോൾ ഒറ്റവരി ഗതാഗത സംവിധാനത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
ഇത് നിയന്ത്രിക്കാൻ രാവിലെയും വൈകിട്ടും പാലത്തിൽ കൂടുതൽ പോലീസുകാരെ നിയമിക്കും. ആവശ്യത്തിന് പോലീസ് ഇല്ലാത്തതിനാൽ സ്വകാര്യ സെക്യൂരിറ്റിയേയും നിയോഗിക്കും.