മണ്ണൂർ ചിറ ജലസംഭരണി പായൽ മൂടിയ നിലയിൽ
1422851
Thursday, May 16, 2024 4:35 AM IST
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സമീപ പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്തുന്ന മണ്ണൂർ ചിറയിലെ ജലസംഭരണി പായൽ നിറഞ്ഞു കിടക്കുന്ന നിലയിൽ. വാട്ടർ അഥോറിറ്റിയുടെ കിണറിലേക്ക് വെള്ളം എത്തുന്നത് ഇവിടെ നിന്നുമാണ്. ഇവിടെ നിന്നും വെള്ളം പന്പ് ചെയ്ത് കുന്നപ്പിള്ളി മുകളിലുള്ള വാട്ടർ ടാങ്കിൽ എത്തിച്ച ശേഷമാണ് എട്ട് വാർഡിലേക്കും ജലവിതരണം നടത്തുന്നത്.
എല്ലാ വർഷവും വാട്ടർ ടാങ്കും മണ്ണൂർ ചിറയിൽ നിന്നും ജലം എടുക്കുന്ന സംഭരണിയും വൃത്തിയാക്കേണ്ടതാണെന്നും എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ യാതൊരു ശുചീകരണ പ്രവൃത്തിയും നടന്നിട്ടില്ലന്നും നാട്ടുകാർ പറഞ്ഞു.
മണ്ണൂർ ജല സംഭരണി ശുചീകരിക്കാതെ ജല വിതരണം നടത്തുന്നത് ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്ന രീതി അനുവദിക്കില്ലായെന്നും ഐരാപുരം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഷാഹിർ മുഹമ്മദ് പറഞ്ഞു. വിഷയത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ വാട്ടർ അഥോറിറ്റിയുടെ ഓഫീസ് ഉപരോധിക്കുമെന്നും ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും ഷാഹിർ അറിയിച്ചു.