മഴക്കാലപൂര്‍വ ശുചീകരണം : പണി ഓക്കെ, ഫണ്ട് പോരാ
1422855
Thursday, May 16, 2024 4:35 AM IST
കൊച്ചി: പതിവിനു വിപരീതമായി കൊച്ചി കോര്‍പറേഷനില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി നേരത്തെ ആരംഭിച്ചെങ്കിലും അനുവദിച്ച തുകയുടെ പോരായ്മയെ ചൊല്ലി കൗണ്‍സിലര്‍മാര്‍ക്കിടയില്‍ അതൃപ്തി.
ഡിവിഷനിലെ വലുതും ചെറുതുമായ കാനകളും കനാലുകളും ചെളി കോരി നീരൊഴുക്ക് സാധാരണ നിലയിലെത്തിക്കാന്‍ അനുവദിച്ച തുക പോരെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. ലഭ്യമായ തുക കൊണ്ട് ചെളികോരല്‍ പകുതിയേ ചെയ്യാനാകൂ. ഇതുമൂലം പ്രവര്‍ത്തികള്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
വലിയ കാനകള്‍ക്ക് അഞ്ച് ലക്ഷവും ചെറിയ കാനകള്‍ക്ക് മൂന്ന് ലക്ഷവും ഉള്‍പ്പെടെ എട്ട് ലക്ഷം രൂപയാണ് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡിവിഷനുകള്‍ക്ക് അനുവദിക്കുന്നത്. ഇത്തവണയും തുകയില്‍ മാറ്റമില്ല. എന്നാല്‍ നിര്‍മാണ സാമഗ്രഹികള്‍ക്കും തൊഴിലാളികളുടെ വേതനത്തിനുമൊക്കെ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതുമൂലം പണികള്‍ പാതിയാക്കി ചടങ്ങ് തീര്ക്കലാകുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
മാത്രമല്ല, വലിയ കനാലുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകിയാണ് ആരംഭിച്ചത്. ടെൻഡര്‍ നേരത്തെ ലഭിച്ചിരുന്നെങ്കിലും പണികള്‍ ആരംഭിക്കാന്‍ വൈകി. കനാലുകളിലെ പോളകള്‍ നീക്കം ചെയ്തു ചെളികൊരി ആഴം വര്‍ധിപ്പിച്ചെങ്കിലേ കാനകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം തടസമില്ലാതെ കടലിലേക്ക് ഒഴുകി പോകൂ. പക്ഷെ കനാലുകളുടെ മൗത്ത് ഭാഗങ്ങളില്‍ ചെളി നിറഞ്ഞ് നില്ക്കുന്നതിനാല് നിലവില്‍ വെള്ളം കടലിലേക്ക് ഒഴുകിപോകാന്‍ തടസം നേരിടുന്നുണ്ട്.
മറ്റൊരു കാലത്തും സംഭവിക്കാത്ത വിധം ചിട്ടയായും വേഗത്തിലുമാണ് ഇത്തവണ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ച സമയത്ത് തന്നെ പണികള്‍ ആരംഭിക്കാനായി. എല്ലാ ഡിവിഷനുകളിലും വര്‍ക്കുകള്‍ പാതി പൂര്‍ത്തിയായിട്ടുണ്ട്. മെയ് 30 ന് മുന്‍പായി ഇവ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മേയര്‍ പറഞ്ഞു.
വെള്ളക്കെട്ടും പകര്‍ച്ചവ്യാധികളും തടയുന്നതിനായി മഴയ്ക്കു മുന്‍പ് കാനകളും കനാലുകളും ചെളികോരി വൃത്തിയാക്കുന്ന പ്രവര്‍ത്തികളാണ് മഴക്കാലപൂര് ശുചീകരണം എന്ന നിലയില്‍ നടപ്പാക്കുന്നത്. ചെളിനിറഞ്ഞ് തടസങ്ങളുണ്ടായാല്‍ കാനയിലൂടെയുള്ള നീരൊഴുക്കിന് തടസമുണ്ടാകും.
മഴക്കാലത്ത് കാനകള്‍ നിറഞ്ഞൊഴുകി മലിനജലം റോഡുകളിലും വീടുകളിലും കയറും. ഇത് പകര്ച്ചവ്യാധികളുള്പ്പടെയുള്ള ഗുരുതര സാഹചര്യങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ് ഓരോ വര്‍ഷവും മഴയ്ക്ക് മുന്‍പ് ശുചീകരണം നടത്തുന്നത്.