മഞ്ഞപ്പിത്തം പടരുന്നു,
1422777
Thursday, May 16, 2024 1:04 AM IST
തൃശൂര്‍: ജില്ലയില്‍ പലയിടത്തും ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ വൈറല്‍ ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ ജില്ലാ കളക്ടര്‍ വി.ആര് കൃഷ്ണതേജ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിർദേശം നല്കി.
ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരിക്കും പ്രതിരോധപ്രവർത്തനങ്ങൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്പെഷല്‍ ഡ്രൈവ് നടത്തും. കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷന് നടത്തുന്നുണ്ടെന്നു വാട്ടര്‍ അഥോറിറ്റി ഉറപ്പാക്കണം. കുടിവെള്ള സ്രോതസുകൾ ശുദ്ധമാണെന്നു പരിശോധിച്ച് ഉറപ്പുവരുത്തും. മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേർന്ന യോഗത്തിലാണു തീരുമാനം.
വൈറല്‍ ഹെപ്പറ്റൈറ്റിസ്
(മഞ്ഞപ്പിത്തം)
കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണു വൈറല്‍ ഹെപ്പറ്റൈറ്റിസ്. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ബി വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴിയാണു പകരുക. ബി, സി, ഡി വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയും പകരുന്നു.
ഇതിൽ എ, ഇ വിഭാഗങ്ങളുടെ രോഗാണുക്കള്‍ ശരീരത്തിലെത്തി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാൻ 15- 60 ദിവസം എടുക്കും. ബി, സി, ഡി വിഭാഗങ്ങള്‍ക്ക് 15 ദിവസം മുതല്‍ ആറുമാസംവരെ നീളും. നമ്മുടെ നാട്ടില്‍ കൂടുതല്‍ കണ്ടുവരുന്നതു കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ, ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. കുഞ്ഞുങ്ങള്‍ക്ക് ഇത് അത്ര ഗുരുതരമാവാറില്ലെങ്കിലും പ്രായപൂര്‍ത്തി ആയവരില്‍ പലപ്പോഴും ഗൗരവകരമാകും. നിലവില്‍ ജില്ലയില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്.
ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റു ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.
യഥാസമയം വിദഗ്ധചികിത്സ ആരംഭിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കാവുന്ന പകര്‍ച്ചവ്യാധിയാണ്. കൂടുതല്‍ പേര്‍ക്കു വയറിളക്കരോഗങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം.