മുഖം മിനുക്കാനൊരുങ്ങി ഷൊർണൂർ റെയിൽവേ സ്റ്റേഷനു മുന്നിലെ പാത
1422786
Thursday, May 16, 2024 1:04 AM IST
ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നതോടെ സ്റ്റേഷനു മുന്നിൽ പാതയുടെ ഗതിമാറും.
ഈ രീതിയിലാണ് പാതയുടെ നിർമാണം നടത്തുന്നത്. റെയിൽവേ സ്റ്റേഷനു മുമ്പിൽ പാതയുടെ മുമ്പുണ്ടായിരുന്ന അവസ്ഥക്ക് വലിയ മാറ്റമാണ് സംഭവിക്കുന്നത്. റെയിൽവേ സ്റ്റേഷന് സമീപത്തെ വിശ്രമകേന്ദ്രങ്ങൾക്ക് പിറകുവശത്തുകൂടിയാണ് പാത നിർമിക്കുന്നത്. റെയിൽവേ ആശുപത്രിക്ക് സമീപമെത്തുന്ന രീതിയിലാണ് പാത നിർമിക്കുക. റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് മറ്റ് വാഹനങ്ങളുടെ ബുദ്ധിമുട്ടില്ലാതെ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനുമുള്ള സൗകര്യമൊരുക്കുകയാണ്.
പൊതുപാതയിൽനിന്നു റെയിൽവേ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾ സ്റ്റേഷന് മുമ്പിലേക്ക് തിരിഞ്ഞ് യാത്രക്കാരെ ഇറക്കി പുറത്തുപോകുന്നതിനുള്ള പ്രത്യേകപാതയും നിർമിക്കുന്നുണ്ട്. സ്റ്റേഷന്റെ പ്രവേശന കവാടത്തിലുൾപ്പെടെ വെളിച്ചമില്ലാത്ത പ്രശ്നവും പരിഹരിക്കും. മുൻവശത്ത് ഉയരവിളക്കുകൾ സ്ഥാപിക്കാനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. പ്രവേശനകവാടത്തിന്റെ വശത്തായി 5000 ചതുരശ്ര അടിയിൽ വലിയ പാർക്കിങ് സംവിധാനവും വരും.
ഇവിടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള രണ്ട് വിശ്രമമുറികളും നിർമിക്കുന്നുണ്ട്. പാതാനിർമ്മാണം പൂർത്തിയാകുന്നതോടെ റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനുൾപ്പെടെ പ്രത്യേക സംവിധാനമുണ്ടാകും.