കണ്ണംകുളത്തെ ചോളപ്പെരുമ
1422788
Thursday, May 16, 2024 1:04 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ഇരുപ്പൂനെൽകൃഷി കഴിഞ്ഞ് ഇടവിളയായി കൃഷിചെയ്ത ചോളത്തിനു നൂറുമേനി വിളവ്. കണ്ണംകുളം മഞ്ഞിലക്കുളമ്പ് വെള്ളമറ്റത്തിൽ സന്തോഷിന്റെ കൃഷിയിടത്തിലാണ് നാട്ടിൽ അപൂർവയിനം ചോളം പൂത്ത് വിളവെടുപ്പിനു പാകമായിട്ടുള്ളത്.
വേനലിന്റെ കാഠിന്യത്തിൽ പ്രദേശത്താകെ ഉണക്കമായപ്പോഴും സന്തോഷിന്റെയും സഹോദരങ്ങളുടെയും കൃഷിയിടം പച്ചപ്പുനിറഞ്ഞ് മനോഹര കാഴ്ചയാവുകയാണ്.
രണ്ടുവർഷം പ്രായമായ 450 കവുങ്ങിൻതൈ തോട്ടമാണ് ചോളകൃഷിക്കടുത്ത്. പതിനയ്യായിരം ചോളംചെടികളാണ് മുക്കാൽ ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിട്ടുള്ളത്.
75 ദിവസം പ്രായമായ ചെടികൾക്ക് എട്ടടി ഉയരമുണ്ട്. 90 ദിവസമായാൽ ചെടി മുഴുവനായി മുറിച്ചെടുത്ത് കാലിത്തീറ്റയുണ്ടാക്കാൻ കയറ്റിപ്പോകും. ചോളം ഉൾപ്പെടെ ഒരു ചെടിയ്ക്കു ഒരു കിലോ തൂക്കം വരണമെന്നാണ് ചോളകൃഷികണക്ക്.
എന്നാൽ വേനൽച്ചൂട് ചെടികളുടെ വളർച്ച കുറച്ചു. എങ്കിലും ആദ്യ പരീക്ഷണം എന്ന നിലയിൽ ചോളംകൃഷി ലാഭകരമാണെന്നു സന്തോഷ് പറഞ്ഞു.
രണ്ടാഴ്ച കൂടി കാട്ടുപന്നികളുടെ കണ്ണിൽപ്പെടാതെ കിട്ടിയാൽ രക്ഷപ്പെടും. തഞ്ചാവൂരിൽനിന്നാണ് സന്തോഷ് വിത്തു കൊണ്ടുവന്ന് മുളപ്പിച്ചു കൃഷിചെയ്തത്. ചെടികൾ കിലോയ്ക്ക് അഞ്ചുരൂപ നിരക്കിൽ കാലിത്തീറ്റ കമ്പനികൾ കൊണ്ടു പോകും.
വിപണി പ്രശ്നമല്ലെന്നതാണ് വിളയുടെ ഗുണം. രണ്ടാം വിള നെൽകൃഷി കഴിഞ്ഞാൽ പച്ചക്കറികളാണ് പാടങ്ങളിൽ കൃഷി ചെയ്യാറുള്ളത്. എന്നാൽ ഇക്കുറി ചോളകൃഷി പരീക്ഷണം നടത്തി വിജയിച്ചതിന്റെ സന്തോഷത്തിലാണ് സന്തോഷും കുടുംബവും.
മാതാപിതാക്കളായ മാത്യുവും ലിസിയും സഹോദരങ്ങളായ പ്രസാദും സെബാസ്റ്റ്യനും അവരുടെ ഭാര്യമാരും മക്കളും സന്തോഷിന്റെ ഭാര്യ ലിജി മക്കളായ കാതറിൻ, ക്രിസ്റ്റീന, നേഹൽ എന്നിവരെല്ലാം കൂട്ടുകുടുംബം പോലെയാണ് കൃഷികാര്യങ്ങളിലും.
ആരെങ്കിലുമൊക്കെ ഏതുസമയവും കൃഷിയിടത്തിലുമുണ്ടാകും. മണ്ണിന് ഏതുസമയവും പണി കൊടുക്കുന്നതിനാൽ ഇവരുടെ കൃഷിയിടത്തിൽ എന്തു പരീക്ഷണം നടത്തിയാലും അതിന് വിളവു കുറയുന്ന പ്രശ്നമില്ല. എല്ലാം ജൈവകൃഷിരീതിയിലാണെന്നതിനാൽ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരും കൂടുതലാണ്.
പതിനഞ്ചാം വയസിൽ തുടങ്ങിയതാണ് സന്തോഷിന് കൃഷിക്കമ്പം. മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോഴും കൃഷിയോടുള്ള താത്പര്യം കുറയുകയല്ല കൂടുകയാണെന്നു സന്തോഷ് പറയുന്നു.