കൃപാഭിഷേകം ബൈബിൾ കണ്‍വൻഷനു തുടക്കം
1422789
Thursday, May 16, 2024 1:04 AM IST
പാലക്കാട്: പാലക്കാട് രൂപത സുവർണ ജൂബിലി ബൈബിൾ കൺവൻഷൻ കൃപാഭിഷേകം -2024 ന് അനുഗ്രഹദായകമായ തുടക്കം.
ഫാ. ഡൊമിനിക് വാളമ്നാൽ നയിക്കുന്ന ബൈബിൾ കൺവൻഷൻ പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് ഉദ്ഘാടനം ചെയ്തു.
പരിശുദ്ധാത്മാവിന്റെ ജ്ഞാനവും ദൈവവചനത്തിന്റെ അഭിഷേകവും സമൂഹം മുഴുവനും നിറഞ്ഞുനിൽക്കണമെന്നും അതിലൂടെ സാഹോദര്യവും കൂട്ടായ്മയും സമൂഹത്തിൽ വർധിക്കണമെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനപ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
കൺവൻഷനിൽ സംബന്ധിക്കുന്ന പതിനായിരത്തോളം ജനങ്ങളും പാലക്കാട് ദേശവും അഭിഷേകത്താൽ നിറഞ്ഞ് അനുഗ്രഹങ്ങൾ സ്വീകരിക്കാൻ പ്രാപ്തരാകട്ടെയെന്നും കാർഷികമേഖലയായ പാലക്കാട് പ്രദേശത്ത് കാർഷിക അഭിവൃദ്ധിയും വന്യമൃഗ ശല്യത്തിൽനിന്നുള്ള സംരക്ഷണവും ലഭിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ചൊരിയപ്പെട ട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂപതയുടെ മുൻമെത്രാൻ മാർ ജേക്കബ് മനത്തോടത്ത് ബൈബിൾപ്രതിഷ്ഠ നടത്തി. ജനറൽ കൺവീനർ ഫാ. ജോഷി പുലിക്കോട്ടിൽ സ്വാഗതം പറഞ്ഞു. വികാരി ജനറാൾ മോൺ. ജീജോ ചാലക്കൽ റോസ മിസ്റ്റിക്ക മാതാവിന്റെ രൂപംവഹിച്ചുള്ള പ്രദക്ഷിണത്തിനു നേതൃത്വം നൽകി.
വരുംദിവസങ്ങളിൽ വൈകുന്നേരം നാലിന് ജപമാലയും തുടർന്ന് കുർബാനയും ഗാനശുശ്രൂഷയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയുമുണ്ടാകും. എല്ലാ ദിവസവും സ്പിരിച്വൽ ഷെയറിംഗിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
സമാപനദിവസമായ 19 ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തുമെന്ന് രൂപത പിആർഒ അറിയിച്ചു.