ചട്ടം ലംഘിച്ച് കടലിൽ ചെറുമത്സ്യവേട്ട
Saturday, August 20, 2016 2:12 PM IST
വൈപ്പിൻ: ചട്ടം ലംഘിച്ച് കടലിൽ ചെറുമത്സ്യവേട്ട വ്യാപകമായി. അശാസ്ത്രീയമായ മത്സ്യബന്ധനത്തിലൂടെ ടൺ കണക്കിനു ചെറുമത്സ്യങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി കടലിൽ നിന്നും ഹാർബറുകളിലെത്തിയത്. നിരോധിച്ച പെലാജിക് വലകൾ ഉപയോഗിച്ചാണ് മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത്. ബോട്ടുകളും വള്ളങ്ങളും പൊടിമീൻ വേട്ട നടത്തുന്നുണ്ട്.

കഴിഞ്ഞ നാലഞ്ചു ദിവസങ്ങളിലായി മത്സ്യബന്ധന വള്ളങ്ങൾ പൊടി ചാളയും ഐലയുമായാണ് കടലിൽ നിന്നെത്തുന്നത്. ഒരുമാസത്തിനുള്ളിൽ നല്ലപോലെ വലുതാകുന്ന ചാളയും ഐലയുമാണ് വള്ളക്കാർ വളരെ നേരത്തെ പിടികൂടുന്നത്. നിരോധിച്ച പെലാജിക് വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ഹാർബറിലെത്തുന്ന ബോട്ടുളിൽ ചെറുമത്സ്യങ്ങൾ ധാരാളം കാണുന്നുണ്ട്.

കഴിഞ്ഞവർഷം ഇതേ പോലെ ചെറുമത്സ്യങ്ങളെ പിടികൂടുന്നതിനെതിരെ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും ഹാർബറുകളിൽ കർശന പരിശോധന നടത്തിയിരുന്നു. നിയമം ലംഘിക്കുന്ന ബോട്ടുകളെ പിടികൂടി പിഴയടപ്പിച്ചിരുന്നു. ഇക്കുറിയാകട്ടെ പരിശോധനയൊന്നും നടക്കുന്നില്ല. ഇതാണ് അശാസ്ത്രീയ മത്സ്യബന്ധനം വീണ്ടും തലപൊക്കാൻ കാരണമായത്. മത്സ്യക്കുഞ്ഞുങ്ങളെ വൻതോതിൽ പിടികൂടുന്നത് ഭാവിയിൽ മത്സ്യക്ഷാമത്തിനു കാരണമാകും.