സുപ്രിയ, ഉർവശി
ആശ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇംഗ്ലീഷ് സംസാരിച്ച അവതാരകയോട് നടി ഉർവശി നടത്തിയ പരാമർശം വലിയ ചർച്ചകൾക്കിട വച്ചിരുന്നു. അവതാരക ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ ‘കേരളത്തിൽ നിന്നുകൊണ്ട് എന്തിനാണ് ഇംഗ്ലിഷിൽ ഈ കടുകു വറക്കുന്നത് എന്ന് ഉർവശി തമാശ രൂപേണ ചോദിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.
തുടർന്ന് ഐ ആം ദ് സോറി ചേച്ചി എന്ന് അവതാരക മറുപടി നൽകുകയും, സ്നേഹത്തോടെ നാട്ടിലെ ഭാഷയിൽ സംസാരിച്ചാൽ എല്ലാവർക്കും മനസിലാകുമല്ലോ എന്ന് ഉർവശി തിരുത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ അവതാരക ദക്ഷ രവീന്ദ്രനാഥിന് പിന്തുണയുമായി എത്തിയ ഒരാൾ പങ്കുവച്ച കുറിപ്പിന് താഴെയാണ് നിർമാതാവ് സുപ്രിയ മേനോൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
അവതാരക സാഹചര്യം കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ചും, മറ്റൊരാളെ പരസ്യമായി ചെറുതാക്കി കാണിക്കുന്ന പ്രവണതയെ വിമർശിച്ചുമാണ് സോഷ്യൽ മീഡിയയിൽ ഒരാൾ കുറിപ്പ് പങ്കുവച്ചത്: വിമർശനങ്ങൾ സ്വകാര്യമായി ആകാം, എന്നാൽ ബഹുമാനം പരസ്യമായി നൽകണം. സ്വന്തം നിലപാട് വ്യക്തമാക്കാൻ വേണ്ടി മറ്റൊരാളുടെ തൊഴിലിനെയോ കഴിവിനെയോ ഒരിക്കലും ചെറുതാക്കി കാണിക്കരുത്. ആ നിമിഷത്തെ ദക്ഷ രവീന്ദ്രനാഥ് കൈകാര്യം ചെയ്ത മാന്യതയും പ്രൊഫഷണലിസവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
ഈ കുറിപ്പിന് മറുപടിയായാണ് സുപ്രിയ മേനോൻ കമന്റ് ചെയ്തത്. ‘‘ഇവിടെ ഇംഗ്ലിഷ് സംസാരിക്കുന്നതിനെ ചൊല്ലിയുള്ള ഈ തുടർച്ചയായ തർക്കം എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല.
പൊതുമധ്യത്തിലേക്ക് ഇറങ്ങിയ കാലം മുതൽ ഇതിന്റെ പേരിൽ കേൾക്കേണ്ടി വന്ന ആളെന്ന നിലയിൽ, എനിക്ക് ഇത് എപ്പോഴും ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. നമ്മൾ നമ്മുടെ മക്കളെ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലും കോളജുകളിലും അയച്ച് പഠിപ്പിക്കുന്നു.
ഒരു അവസരം കിട്ടുമ്പോഴേക്കും നമ്മുടെ ആളുകൾ വിദേശത്തേക്ക് ചേക്കേറുന്നു, ലോകമെമ്പാടും വലിയൊരു പ്രവാസി സമൂഹമായി നമ്മൾ മാറുകയും ചെയ്യുന്നു.
എന്നിട്ടും, ഒരാൾ ഇംഗ്ലിഷ് സംസാരിക്കുമ്പോൾ അത് വലിയ അഹങ്കാരത്തിന്റെയോ ധാർഷ്ട്യത്തിന്റെയോ ലക്ഷണമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണ്? മറ്റൊരു ഭാഷയിൽ സംസാരിച്ചതുകൊണ്ട് മാത്രം മലയാളത്തോടുള്ള സ്നേഹവും അഭിമാനവും കുറഞ്ഞുപോകുന്നത് എന്തിനാണ്? ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്നു.’’ സുപ്രിയ മേനോൻ കുറിച്ചു.
Tags : Supriya Urvashi criticism English arrogance