ഐശ്വര്യ ലക്ഷ്മി.
വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരേ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങളിലും ട്രോളുകളിലും പ്രതികരണവുമായി നടി ഐശ്വര്യ ലക്ഷ്മി. സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ചൂടേറിയ ചർച്ചകൾക്കു വഴിതുറക്കുന്നതായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
തന്റെ വസ്ത്രങ്ങളുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐശ്വര്യ ലക്ഷ്മി ശക്തമായ നിലപാടു വ്യക്തമാക്കിയത്: 'സ്ത്രീയുടെ വസ്ത്രധാരണത്തിലോ, ശരീരഭാഗങ്ങളിലോ മാത്രമാണോ സംസ്കാരം നിലനിൽക്കുന്നത്?' വ്യക്തി സ്വാതന്ത്ര്യത്തെയും വസ്ത്രധാരണത്തെയും ഇത്തരം ഇടുങ്ങിയ ചിന്താഗതികളിലൂടെ അളക്കാൻ ശ്രമിക്കുന്നതു നിർഭാഗ്യകരമാണെന്നും താരം അഭിപ്രായപ്പെട്ടു.
അധിക്ഷേപങ്ങൾ വ്യക്തിപരമായി ബാധിക്കാറില്ല. സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നാണ് ഇത്തരം മാനസികാവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തിയുടെ വസ്ത്രമല്ല, അവരുടെ ചിന്തയും പ്രവൃത്തിയുമാണു സംസ്കാരത്തിന്റെ അടയാളമെന്നും സോഷ്യൽ മീഡിയയിലെ ഇത്തരം കാപട്യങ്ങളെ പൂർണമായും തള്ളുകയാണെന്നും താരം വ്യക്തമാക്കി.
മലയാളത്തിലും തമിഴിലുമായി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിലപാടുകളിൽ എപ്പോഴും വ്യക്തത പുലർത്തുന്ന താരം, മുൻപും സിനിമയ്ക്കുള്ളിലെയും പുറത്തെയും സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരേ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.
Tags : EntertainmentNews AishwaryaLekshmi CyberCrime KollywoodFilmNews