മലയാളത്തിലുള്‍പ്പെടെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച സൂപ്പര്ഗുഡ്സ് ഫിലിംസ് സ്ഥാപകന്‍ ആര്.ബി. ചൗധരി (72) ഉദയ്പുരില്‍ കാറപകടത്തില്‍ മരിച്ചു. നടൻ ജീവ മകനാണ്.
മൃതദേഹം ഇന്ന് ചെന്നൈയിലെത്തിക്കും. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചു. 1988 മുതൽ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ സിനിമകൾ നിർമ്മിക്കുന്ന വ്യക്തിയാണ് ആർ.ബി ചൗധരി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകൾ അദ്ദേഹമാണ് നിർമിച്ചത്.
രാജസ്ഥാൻ സ്വദേശിയാണ് ചൗധരി. സിനിമാ നിർമാണ രംഗത്തേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം സ്റ്റീൽ, കയറ്റുമതി, ജ്വല്ലറി വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ് നൈറ്റ് മോഹനുമായി ചേർന്ന് 'സൂപ്പർ' ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.
അവർ പിരിയാൻ തീരുമാനിച്ചതോടെ ചൗധരി 'ഗുഡ് നൈറ്റ്' എന്നതിൽ നിന്ന് 'ഗുഡ്' എടുത്ത് ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന് നിർമാണക്കമ്പനി പുനർനാമകരണം ചെയ്തു.
തമിഴ്നാട്ടുകാരിയായ മെഹ്ജബീനെയാണ് ചൗധരി വിവാഹം കഴിച്ചത്. ജീവയേയും ജിത്തനേയും കൂടാതെ അദ്ദേഹത്തിന് സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടിയുണ്ട്. സുരേഷ് സൂപ്പർ ഗുഡ് ഫിലിംസിനുവേണ്ടി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ജീവൻ സ്റ്റീൽ കമ്പനി സംരംഭകനാണ്.
Tags : RB Choudary Death jeeva