ന്യൂഡൽഹി: കോണ്ഗ്രസ് സ്ഥാനാർഥികളിൽ തീരുമാനമായവരോട് ഇന്നലെ ഉച്ചയോടെതന്നെ വിവരം ടെലിഫോണിൽ അറിയിച്ചു. അവസാന പട്ടികയിലെ 40 പേരിൽ 34 പേരോടും സ്ഥാനാർഥികളായി നിശ്ചയിച്ച വിവരം ഇന്നലെ രാവിലെ തന്നെ വ്യക്തമാക്കി.
അന്തിമപട്ടിക പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ അതിവേഗം പൂർത്തിയാക്കാനും സ്ഥാനാർഥികളോട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും നിർദേശിച്ചു. എന്നിട്ടും അന്തിമപട്ടിക പ്രസിദ്ധീകരിക്കാൻ വൈകിയത് ആശയക്കുഴപ്പവും ആശങ്കകളും കൂട്ടി.
ബുധനാഴ്ച വൈകുന്നേരം നടന്ന കോണ്ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പുസമിതി യോഗത്തിൽ മുപ്പതോളം സീറ്റുകളിൽ ധാരണയിലെത്തി. കെ. സുധാകരന്റെ കർക്കശ നിലപാടിനെ ത്തുടർന്ന് അന്തിമതീരുമാനം നീട്ടിവയ്ക്കേണ്ടിവന്നു. അന്തിമതീരുമാനത്തിനു മുന്പു പലതലത്തിലും സമ്മർദങ്ങളും സംശയങ്ങളും രൂക്ഷമായി.
പിന്നീട് രാത്രി വൈകി കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാത്രിയിൽ വീണ്ടും ചേർന്ന യോഗം ചേർന്നപ്പോഴും പ്രശ്നപരിഹാരമായില്ല. പുലര്ച്ചെ വരെ നീണ്ട ചർച്ചയിലും സുധാകരന്റെ കാര്യത്തിൽ അടക്കം അര ഡസനോളം സീറ്റുകളിൽ തീരുമാനം എടുക്കാനായില്ല
സ്ക്രീനിംഗ് കമ്മിറ്റിയിലും പിന്നീട് അന്തിമതീരുമാനമെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയിലും (സിഇസി) തീരുമാനം നീണ്ടപ്പോഴും സമവായമോ ഒത്തുതീർപ്പോ ഉണ്ടായില്ല. കോണ്ഗ്രസിന്റെ തന്നെ ചരിത്രത്തിൽ അത്യപൂർവമായാണ് സിഇസി യോഗം അടിയന്തരമായി വീണ്ടും ചേരേണ്ടിവന്നത്. എന്നിട്ടും പൂർണ തീരുമാനം എടുക്കാനാകാതെ അന്തിമ തീരുമാനം കോണ്ഗ്രസ് അധ്യക്ഷനു വിടുകയായിരുന്നു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയും എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ ഇടപെടലിലും പരിഹാരം അകന്നു.
Tags : start campaigning Congress V.D. Satheesan candidates