മുംബൈ: ഒരു ബോളിവുഡ് ചിത്രം കാരണം അധോലോക സാമ്രാജ്യമായ ഡി-കമ്പനി കടുത്ത അമർഷത്തിലെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച ഒരു സ്പൈ ത്രില്ലർ ചിത്രമാണ് പാകിസ്താനിലിരിക്കുന്ന ദാവൂദ് ഇബ്രാഹിമിനെയും സംഘത്തെയും ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ മുംബൈയിൽ തങ്ങളുടെ സ്ലീപ്പർ സെല്ലുകളെയും ഗ്രൗണ്ട് നെറ്റ്വർക്കുകളെയും ദാവൂദ് ഗ്യാംഗ് പെട്ടെന്ന് സജീവമാക്കിയതായാണ് ദേശീയ സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചന.
രൺവീർ സിംഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ധുരന്ധർ' എന്ന ചിത്രമാണ് അധോലോകത്തെ പിടിച്ചുലച്ചത്. സിനിമയിൽ ദാവൂദിനോട് പ്രകടമായ സാദൃശ്യമുള്ള 'ബഡേ സാഹിബ്' എന്ന വില്ലൻ കഥാപാത്രം മരണക്കിടക്കയിൽ കിടക്കുന്ന ചില ദൃശ്യങ്ങളുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സ്വാധീനം തീർന്നു എന്ന രീതിയിലുള്ള ഈ ചിത്രീകരണം ഡി-കമ്പനിയുടെ പ്രതിച്ഛായയ്ക്ക് വലിയ പ്രഹരമായി. തങ്ങളുടെ തലവൻ ഇപ്പോഴും ശക്തനായി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ അധോലോകം.
ഇതിന്റെ ഭാഗമായി മുംബൈ കേന്ദ്രീകരിച്ച് വൻ ആക്രമണങ്ങൾ അഴിച്ചുവിടാൻ ഛോട്ടാ ഷക്കീൽ സംഘം വഴി യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. ബാന്ദ്രയിലെ ചില പ്രാദേശിക പ്രശ്നങ്ങളെ മുൻനിർത്തി യുവാക്കളെ പ്രകോപിപ്പിച്ചാണ് വലയിലാക്കുന്നത്. ഇവർക്ക് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ വഴി ആയുധങ്ങളും പരിശീലനവും നൽകാനാണ് പദ്ധതി.
ഡൽഹി പോലീസ് അടുത്തിടെ തകർത്ത ഒരു തീവ്രവാദ ഗൂഢാലോചനയുടെ അന്വേഷണത്തിലാണ് മുംബൈയെ ഞെട്ടിക്കാനിരുന്ന ഈ അധോലോക നീക്കത്തിന്റെ ചുരുളഴിഞ്ഞത്. ഇന്ത്യയിലെ പ്രമുഖരായ ചില വ്യക്തികളെ ലക്ഷ്യമിട്ട് ഡി-കമ്പനി നീക്കങ്ങൾ നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മുംബൈയിൽ കടുത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Tags : Dawood Ibrahim D-Company underworld Delhi Latest News