കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കും കനത്ത തിരിച്ചടി. മമതയുടെ ഉറച്ച കോട്ടയായിരുന്ന ഭവാനിപൂരിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോട് 15,114 വോട്ടുകൾക്ക് മമത പരാജയപ്പെട്ടു. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിലേറ്റ തിരിച്ചടിയുടെ ആവർത്തനമായി ഈ ഫലം മാറി.
സംസ്ഥാനത്തുടനീളം ബിജെപി വൻ മുന്നേറ്റം നടത്തുകയും അധികാരം ഉറപ്പിക്കുകയും ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി തന്നെ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ഭവാനിപൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ 15,114 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുവേന്ദു അധികാരി മമതയെ മലർത്തിയടിച്ചു.
ബംഗാളിൽ ബിജെപി 200-ലധികം സീറ്റുകളിൽ ലീഡ് ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ തോൽവി. തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യമായെന്നതിന്റെ ഏറ്റവും വലിയ തെളിവായാണ് ഈ പരാജയം വിലയിരുത്തപ്പെടുന്നത്. മമത ബാനർജിയുടെ പരാജയം തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സംസ്ഥാനത്ത് ബിജെപി തങ്ങളുടെ ആദ്യ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുമ്പോൾ, മമതയ്ക്ക് സഭയ്ക്ക് പുറത്ത് ഇരിക്കേണ്ടി വരും.