ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസങ്ങളും ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുന്ന പശ്ചാത്തലത്തിൽ, രാജ്യതലസ്ഥാനത്ത് സിഎൻജി വില വീണ്ടും വർധിപ്പിച്ചു. കിലോഗ്രാമിന് 2 രൂപയാണ് ഏറ്റവും ഒടുവിലായി കൂട്ടിയത്. ഇതോടെ ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു.
മേയ് 15-ന് ശേഷം ഡൽഹിയിൽ ഉണ്ടാകുന്ന നാലാമത്തെ വിലവർധനവാണിത്. കഴിഞ്ഞ 11 ദിവസത്തിനിടയിൽ മാത്രം സിഎൻജിക്ക് മൊത്തം 6 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ മൂന്ന് തവണയും മേയ് 15-ന് 2 രൂപ, മേയ് 18-ന് 1 രൂപ, മേയ് 23-ന് 1 രൂപ എന്നിങ്ങനെയാണ് വർധിച്ചത്.
സിഎൻജി വിലയിലുണ്ടായ തുടർച്ചയായ വർധനവ് ഓട്ടോ-ടാക്സി ഡ്രൈവർമാരെയും നിത്യയാത്രക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കും. ലോജിസ്റ്റിക്സ് ചെലവുകൾ കൂടുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിക്കും.
സിഎൻജിക്ക് പുറമേ പെട്രോൾ, ഡീസൽ വിലയും കുതിച്ചുയരുകയാണ്. നിലവിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയും ഡീസൽ വില 95.20 രൂപയുമാണ്. യുദ്ധം കാരണം ഉണ്ടായ വിതരണ തടസം മുൻനിർത്തി ഈ മാസം ആദ്യം 19 കിലോയുടെ കൊമേഴ്സ്യൽ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചിരുന്നു.
Tags : CNG price Increase Latest News