ന്യൂഡല്‍ഹി: സാംപിള്‍ സര്‍വേയില്‍ വോട്ടര്‍മാരില്‍നിന്നു വ്യക്തമായ ഉത്തരം ലഭിക്കാത്തതിനാല്‍ ബംഗാളിലെ എക്സിറ്റ് പോള്‍ ഫലം പുറത്തുവിടില്ലെന്ന് ആക്സിസ് മൈ ഇന്ത്യ. തങ്ങളുടെ സര്‍വേയില്‍ വോട്ടര്‍മാര്‍ പ്രതികരിച്ചില്ലെന്ന് ആക്സിസ് മൈ ഇന്ത്യ സ്ഥാപകന്‍ പ്രദീപ് ഗുപ്ത പറഞ്ഞു.
ആദ്യഘട്ടത്തില്‍ 60-70 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായം പറയാന്‍ തയാറായില്ല. അതേ എന്നോ അല്ല എന്നുപോലും വോട്ടര്‍മാര്‍ പറഞ്ഞില്ല. അതിനാല്‍ ഞങ്ങളുടെ സാംപിളിന് പ്രാതിനിധ്യസ്വഭാവമില്ല. 20-30 ശതമാനം പേരുടെ അഭിപ്രായം വച്ച് സീറ്റുകള്‍ പ്രവചിക്കാനാകില്ല''- ഗുപ്ത എന്‍ഡിടിവിയോടു പറഞ്ഞു.
294 അംഗ ബംഗാള്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 148 പേരുടെ പിന്തുണയാണ്. ഭൂരിഭാഗം ഏജന്‍സികളും ബിജെപി വിജയിക്കുമെന്ന് പ്രവചിക്കുന്നു. 178 മുതല്‍ 208 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രജാ പോളിന്റെ പ്രവചനം.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് 195 മുതല്‍ 205 വരെ സീറ്റ് നേടുമെന്ന് ജന്മത് പോള്‍ പ്രവചിക്കുന്നു. 177-187 സീറ്റ് തൃണമൂല്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംഘടനാബലവും ക്ഷേമപദ്ധതികളും ഗുണം ചെയ്യുമെന്നാണ് ജന്മത് പോള്‍, പീപ്പിള്‍സ് പള്‍സ് ഏജന്‍സികളുടെ വിലയിരുത്തല്‍.
Tags : Axis My India exit poll results not release