കോൽക്കത്ത: പശ്ചിമബംഗാളിൽ വിഭാഗീയ അജൻഡ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരേയുള്ള വിധിയെഴുത്താകും 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു മമതയുടെ പ്രതികരണം.
ഈ നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ദുർബലപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള ആസൂത്രിത ശ്രമത്തെ ചെറുക്കുന്നതിനുള്ളതാണ്. ബംഗാളിനെ തകർക്കാനുള്ള ഓരോ ശ്രമത്തിനും നിർണായകമായ ജനാധിപത്യ തിരിച്ചടി നേരിടേണ്ടിവരും.
ഡൽഹിയിലുള്ളവർ ബംഗാളിനെ കീഴടക്കി അവരുടെ അജൻഡകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപിയെ ഉന്നംവച്ച് മമത എക്സിൽ കുറിച്ചു.
294 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. റിക്കാർഡ് പോളിംഗാണ് ഇക്കുറി പശ്ചിമബംഗാളിൽ രേഖപ്പെടുത്തിയത്. രണ്ടാംഘട്ട വോട്ടെടുപ്പ് 29-ന് നടക്കും.