ചെന്നൈ: ബംഗാളിലും ആസാമിലും ഭരണം പിടിക്കുകയും കേരളത്തിൽ മൂന്നു സീറ്റുകൾ നേടി സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തതിനിടയിലും തമിഴ്നാട്ടിൽ ബിജെപിക്കു കനത്ത പ്രഹരം. 2021 തെരഞ്ഞെടുപ്പിൽ നാലു സീറ്റ് നേടിയിരുന്ന ബിജെപി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. അതും നേരിയ ഭൂരിപക്ഷത്തിന്.
എം. ഭോജരാജൻ ഉദഗമണ്ഡലം സീറ്റിൽ 976 വോട്ടിന് ജയിച്ചതാണ് ഇത്തവണത്തെ ഏക ആശ്വാസം. തമിഴ്നാട്ടിൽ എഐഎഡിഎംകെ നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്‍റെ (എൻഡിഎ) ഘടകകക്ഷിയായി മത്സരിച്ച ഭാരതീയ ജനതാ പാർട്ടി 27 സീറ്റിൽ മത്സരിച്ചിട്ടാണ് ഒറ്റ സീറ്റ് വിജയത്തിലേക്ക് ഒതുങ്ങിയത്.
കോയമ്പത്തൂർ, മോഡക്കുറിച്ചി, നാഗർകോവിൽ, തിരുനൽവേലി എന്നിവടങ്ങളിലാണ് നിലവിൽ ബിജെപിക്ക് എംഎംഎമാർ ഉണ്ടായിരുന്നത്. എന്നാൽ, പാർട്ടിയിലെ പ്രമുഖരെല്ലാം ഇത്തവണ പരാജയപ്പെട്ടു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ.മുരുകൻ (അവനാഷി), പാർട്ടി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ (സത്തൂർ), മുൻ തെലങ്കാന ഗവർണർ തമിഴ്സൈ സൗന്ദരരാജൻ (മൈലാപ്പൂർ), ബിജെപി മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ (കോയമ്പത്തൂർ നോർത്ത്), നിലവിലെ എംഎൽഎ എം.ആർ. ഗാന്ധി (നാഗർകോവിൽ), എസ്.വി.വിജയധരാണി എന്നിവരെല്ലാം തോൽവി ഏറ്റുവാങ്ങി.
സി.ഉദയകുമാർ (ഗന്ധർവകോട്ടൈ), എൻ.രാമചന്ദ്രൻ (പുതുക്കോട്ട), ബിജെപി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കവിത ശ്രീകാന്ത് (അറന്തങ്കി), ദക്ഷിണേന്ത്യൻ ഫോർവേഡ് ബ്ലോക്ക് നേതാവ് കെ.സി. തിരുമാരൻ (തിരുപ്പത്തൂർ), പൊൻ. വി.ബാലഗണപതി (മാനാമധുര), രാമ ശ്രീനിവാസൻ (മധുര സൗത്ത്), ജിബിഎസ് കെ.നാഗേന്ദ്രൻ (രാമനാഥപുരം), അനന്തൻ അയ്യസ്വാമി (വാസുദേവനല്ലൂർ), കെ.ആർ.എം. രാധാകൃഷ്ണൻ (തിരുച്ചെന്തൂർ), എസ്.പി.ബാലകൃഷ്ണൻ (രാധാപുരം), ടി.ശിവകുമാർ (കോളച്ചൽ), പി.രമേശ് (പത്മനാഭപുരം) എന്നിവരും തോറ്റു.
എൻഡിഎയുടെ മറ്റൊരു ഘടകകക്ഷിയായ തമിഴ് മനില കോൺഗ്രസ് (മൂപ്പനാർ) അഞ്ച് സീറ്റുകളിൽ ബിജെപിയുടെ ‘താമര’ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ എല്ലായിടത്തും തോറ്റു. വിടിയൽ എസ്.ശേഖർ (ഒട്ടഞ്ചത്തിരം), എം.കെ.ആർ. അശോക് കുമാർ (കുംഭകോണം), എം. യുവരാജ (ഈറോഡ് വെസ്റ്റ്), വി.എം. കാർത്തികേയൻ (റാണിപേട്ട്), ജെ. നിവിൻ സൈമൺ (കില്ലിയൂർ) എന്നിവരാണ് തോറ്റത്. രാജപാളയത്ത് ബിജെപി ചിഹ്നത്തിൽ മത്സരിച്ച തമിഴക മക്കൾ മുന്നേറ്റ കഴകം നേതാവ് ബി. ജോൺ പാണ്ഡ്യന്‍റെ ഭാര്യ പ്രിസില്ല പാണ്ഡ്യനും പരാജയപ്പെട്ടു.
എഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ ഭാഗമായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2.62% വോട്ടാണ് ബിജെപി നേടിയിരുന്നത്. അതേസമയം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖ ദ്രാവിഡ കക്ഷികളുമായി സഖ്യമുണ്ടാക്കാതെയും മുന്നണിയില്ലാതെയും മത്സരിച്ച് 11.24 ശതമാനം വോട്ട് നേടിയിരുന്നു.
അവിടെനിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വളരെ താഴേക്കു പോയത്. ഇത്തവണ പാർട്ടിക്ക് കഷ്ടിച്ച് മൂന്നു ശതമാനമാണ് പാർട്ടിക്കു കിട്ടിയ വോട്ട് വിഹിതം. സംസ്ഥാന ബിജെപി ഘടകത്തിലെ ഗ്രൂപ്പു പോരും മറ്റുമാണ് പാർട്ടിക്കു തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. അണ്ണാമലൈ അടക്കമുള്ള നേതാക്കൾ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് അണ്ണാമലൈയെ പാർട്ടി അനുനയിപ്പിച്ചത്. മാത്രമല്ല, ടിവികെ തരംഗവും ബാധിച്ചു.
Tags : BJP Tamil Nadu win election