രാഹുൽ ഗാന്ധി
ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർനിർമിക്കുന്നതിനായുള്ള വലിയൊരു ചുവടുവെയ്പാണ് പ്രധാന്‍റെ രാജിയെന്ന് രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ, നിങ്ങളെയോർത്ത് ഞങ്ങൾ ഏവരും അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, ഇനിയും പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ബാക്കിയുണ്ടെന്ന് ഓർമിപ്പിക്കുന്നു. വിദ്യാർഥികളോടും ഇന്ത്യയുടെ ഭാവിയോടും ആദരവ് പുലർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണം. സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ അതിക്രമവും അക്രമവും അഴിച്ചുവിട്ട കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം.
കർഷകർ, തൊഴിലാളികൾ, പാവപ്പെട്ടവർ തുടങ്ങി ഈ ഭരണകൂടം അടിച്ചമർത്തുകയും തകർക്കുകയും ചെയ്ത സമൂഹത്തിലെ ഓരോ വിഭാഗത്തിനും പറയാനുള്ളത് ഒന്നേയുള്ളൂ. സ്വന്തം സ്വാഭിമാനത്തിനായി ഭരണഘടനാപരമായ മാർഗങ്ങളിലൂടെ ഉറച്ചുനിൽക്കുന്നതിലാണ് യഥാർഥ ധൈര്യമുള്ളത്. ഈ സർക്കാരിനെ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഭയപ്പെടേണ്ടതില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Tags : Congratulations Students RahulGandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines