ന്യൂഡൽഹി: പ്രമുഖ വാർത്താ പോർട്ടലായ 'ന്യൂസ്ക്ലിക്ക്', അതിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ത എന്നിവർക്കെതിരെ വിദേശ ഫണ്ടിംഗ് ആരോപിച്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഈ ക്രിമിനൽ നടപടികൾ ഹർജിക്കാരുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിന് മേലുള്ള ആക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ മേയ് 29-ന് പുറപ്പെടുവിച്ച വിധിയിലാണ് കേസുമായി മുന്നോട്ട് പോകുന്നത് നിയമവ്യവസ്ഥയുടെ കടുത്ത ദുരുപയോഗമാണെന്ന് വ്യക്തമാക്കിയത്. നിലവിലെ നിയമനടപടികൾ ദുരുദ്ദേശ്യപരമാണെന്ന് മാത്രമല്ല, ഹർജിക്കാരുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്മേലുള്ള അനിയന്ത്രിതമായ അധികാര ദുർവിനിയോഗം കൂടിയാണെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വ്യക്തമാക്കി.
ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് അക്കാലത്ത് പ്രത്യേക അനുമതികൾ ആവശ്യമില്ലായിരുന്നുവെന്ന ന്യൂസ്ക്ലിക്കിന്റെ വാദം കോടതി അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് 2017-ൽ വാർത്താപ്രക്ഷേപണ മന്ത്രാലയത്തിന് ന്യൂസ്ക്ലിക്ക് കത്തയച്ചിരുന്നതായും, വെബ് പോർട്ടലുകൾ പ്രിന്റ് മീഡിയയുടെ പരിധിയിൽ വരില്ലെന്ന് 2018 ജനുവരിയിൽ മന്ത്രാലയം മറുപടി നൽകിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.
ഓഹരികളുടെ മൂല്യനിർണയം വിദേശനാണ്യ മാനേജ്മെന്റ് ആക്ട് പ്രകാരമാണ് നടന്നിട്ടുള്ളത്. ഇരു കമ്പനികളും പരസ്പര സമ്മതത്തോടെയെടുത്ത സാമ്പത്തിക തീരുമാനത്തിൽ യാതൊരുവിധ ക്രിമിനൽ കുറ്റവും കണ്ടെത്താനാകില്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
അമേരിക്ക ആസ്ഥാനമായുള്ള വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്സ് എന്ന കമ്പനിയിൽ നിന്നും നിയമങ്ങൾ ലംഘിച്ച് ഒൻപതര കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാരോപിച്ച് 2020 ഓഗസ്റ്റിലാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ന്യൂസ്ക്ലിക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ശമ്പളം, കൺസൾട്ടൻസി ഫീസ് എന്നിവ വഴി ഈ തുക വകമാറ്റിയെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ ആരോപണം. എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ രണ്ട് കേസുകളും പൂർണമായി റദ്ദാക്കിയിരിക്കുന്നത്.
Tags : Delhi High Court NewsClick Prabir Purakayastha Latest News