ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ അധികാരമേറ്റ് പത്ത് ദിവസം തികയും മുൻപ് തന്നെ മുന്നണിയിൽ കടുത്ത ഭിന്നത. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പ്രധാന കക്ഷിയായ സിപിഎം, അണ്ണാ ഡിഎംകെ സഖ്യത്തിലേക്ക് വന്നാൽ പിന്തുണ പുനഃപരിശോധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് വിജയ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്.
ഡിഎംകെയും എഐഎഡിഎംകെയും ഒരുപോലെ തള്ളിക്കളഞ്ഞ ജനവിധിയാണ് മേയ് നാലിന് തമിഴ്നാട്ടിൽ ഉണ്ടായത്. അതിനാൽ എഐഎഡിഎംകെയുടെ ഏതെങ്കിലും വിഭാഗത്തെ ഭരണത്തിൽ പങ്കാളികളാക്കുന്നത് ജനവിധിക്കെതിരാണെന്ന് സിപിഎം വ്യക്തമാക്കി. അഴിമതിരഹിത ഭരണം എന്ന ടിവികെയുടെ വാഗ്ദാനത്തിന് വിരുദ്ധമായിരിക്കും ഇതെന്നും സിപിഎം ഓർമിപ്പിച്ചു.
"തമിഴ്നാട് ഇപ്പോൾ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് പോകാൻ തയ്യാറല്ലാത്തതിനാലാണ് ഞങ്ങൾ ടിവികെയെ പിന്തുണയ്ക്കുന്നത്. ഗവർണർ ഭരണത്തിലൂടെ സംസ്ഥാനത്ത് ബി.ജെ.പി പിൻവാതിലിലൂടെ അധികാരം പിടിക്കുന്നത് തടയുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം, എന്ന് സിപിഎം മാധ്യമങ്ങളോട് വ്യക്തമാക്കി.
Tags : Vijay TamilNadu Chief Minister Latest News