ഭോപ്പാൽ: മധ്യപ്രദേശിൽ പീഡനത്തിനിരയായ ഗവേഷക വിദ്യാർഥി ജീവൊടുക്കി. ദാതിയ സ്വദേശിയായ 25 കാരിയാണ് മരിച്ചത്.
സംഭവത്തിൽ യോഗേഷ് റാവത്ത്(25) എന്നയാളെ പോലീസ് പിടികൂടി. യുവതിയെ യോഗേഷ് ലൈംഗീകമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്നുണ്ടായ മാനസികസംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ഗ്വാളിയോറിൽ താമസിച്ച് പിഎച്ച്ഡി പഠനം നടത്തിവരികയായിരുന്നു യുവതി. ഇവിടെ വച്ചാണ് തന്റെ ഒരു സുഹൃത്തിന്റെ സഹോദരനായ യോഗേഷ് റാവത്തുമായി ഇവർ സൗഹൃദത്തിലാകുന്നത്. തുടർന്ന് പ്രതി യുവതിയെ ഗ്വാളിയോറിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അവിടെ വച്ച് ലഹരിപദാർത്ഥം അടങ്ങിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി പീഡന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
തുടർന്ന് ഈ വീഡിയോകൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ഇയാൾ വീണ്ടും ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും രണ്ടാം തവണയും ക്രൂരമായി പീഡിപ്പിച്ചുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
പ്രതിയുടെ നിരന്തരമായ പീഡനത്തിലും ഭീഷണികളിലും മനംനൊന്ത് യുവതി മാർച്ച് 15ന് ഗ്വാളിയോറിലെ പടാവ് പോലീസ് സ്റ്റേഷനിൽ യോഗേഷ് റാവത്തിനെതിരെ പരാതി നൽകി. പരാതി നൽകിയതിന് തൊട്ടുപിന്നാലെ അവർ ദാതിയയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും, അവിടെ വച്ച് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി എഴുതിവച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് കാരണം യോഗേഷ് റാവത്തും അയാളുടെ രണ്ട് സഹോദരിമാരുമാണെന്ന് യുവതി ഈ കത്തിൽ വ്യക്തമാക്കുന്നു.
ഇവർ മൂവരും ചേർന്ന് തനിക്കെതിരെ കടുത്ത മാനസിക പീഡനം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലൂടെ യുവതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പരാതി രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിക്കുകയും അശോക് നഗറിൽ നിന്ന് പ്രതിയായ യോഗേഷ് റാവത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Tags : Drugged raped blackmail PhD scholar suicide Madhya Pradesh