ഹൈദരാബാദ്: കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ യുവാവ് നടുറോഡിൽ കുത്തിക്കൊന്നു. തെലുങ്കാനയിലെ സൂര്യപേട്ടിലാണ് സംഭവം. സരീക്ഷ (24) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് മണിദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആറ് വർഷം മുന്പായിരുന്നു ട്രക്ക് ഡ്രൈവറായ മണിദീപും സരീക്ഷയും വിവാഹിതരായത്. ഇവർക്ക് നാല് വയസുള്ള ഒരു മകനുണ്ട്. ഒരു വർഷമായി ദന്പതികൾ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. മദ്യപാനിയായ മണിദീപ് സരീക്ഷയെ സംശയിക്കുകയും നിരന്തരം ശരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.
പീഡനം സഹിക്കവയ്യാതെ രണ്ടാഴ്ച മൂന്പ് സരീക്ഷ മകനുമായി ജഗ്ഗയ്യപേട്ടിലുള്ള ബന്ധുവായ വെങ്കമ്മയുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. വീട്ടിൽ നിന്നിറങ്ങുന്പോൾ സരീക്ഷ മണിദീപിന്റെ പണവുമായാണ് പോയത്. ഇതേ തുടർന്ന് മണിദീപ് കോടാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ബുധനാഴ്ച കൗൺസിലിംഗിനായി പോലീസ് ഇരുവരെയും സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി. മണിദീപിനൊപ്പം പോകാൻ സരീക്ഷ തയാറായില്ല. വ്യാഴാഴ്ച ഇക്കാര്യം എഴുതി നൽകാമെന്ന് പറഞ്ഞ് സരീക്ഷ സ്റ്റേഷനിൽ നിന്നിറങ്ങി.
ജഗ്ഗയ്യപേട്ടിലേയ്ക്ക് പോകാൻ സരീക്ഷ ഓട്ടോ കാത്ത് നിൽക്കുന്പോൾ മണിദീപ് തടഞ്ഞു. ഓട്ടോയിൽ കയറാൻ ശ്രമിച്ച സരീക്ഷയെ മണിദീപ് വലിച്ചിറക്കി. അയാൾ കൈയ്യിലുണ്ടായിരുന്ന കത്തി പുറത്തെടുത്തതോടെ സരീക്ഷ അടുത്തുള്ള ചായക്കടയിലേയ്ക്ക് ഓടി കയറി.
സരീക്ഷയെ പിന്തുടർന്ന് മണിദീപ് ചായക്കടയിലേയ്ക്ക് കയറി, യുവതിയുടെ നെഞ്ചിലും തോളിലും കുത്തി പരിക്കേൽപ്പിച്ചു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമിതമായി രക്തം വാർന്ന സരീക്ഷ സംഭവസ്ഥലത്ത് അബോധാവസ്ഥയിലായി. ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വെങ്കമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മണിദീപിനെതിരെ പോലീസ് കേസെടുത്തു. വ്യഴാഴ്ചയോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.