ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ 'നരകക്കുഴി' എന്ന് അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കണ്ടുവെന്നും എന്നാൽ നിലവിൽ ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളിന്റെ മറുപടി.
അമേരിക്കയിലെ ഒരു റേഡിയോ അവതാരകൻ മൈക്കൽ സാവേജ് തന്റെ പോഡ്കാസ്റ്റിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. അമേരിക്കയിലെ 'ജനനസിദ്ധമായ പൗരത്വ' നിയമത്തെ വിമർശിക്കുന്നതിനിടയിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ അദ്ദേഹം 'ഹെൽഹോൾസ്' എന്ന് വിശേഷിപ്പിച്ചു. ഈ വീഡിയോ ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷെയർ ചെയ്തതോടെയാണ് വലിയ പ്രതിഷേധമുയർന്നത്.
വിദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഉയരുന്ന രാഷ്ട്രീയ ചർച്ചകളിൽ ഔദ്യോഗികമായി ഇടപെടേണ്ടതില്ലെന്ന നയതന്ത്രപരമായ തീരുമാനമാണ് മന്ത്രാലയം എടുത്തത്. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് "ഞാൻ ആ വിഷയം അവിടെ വിടുന്നു" എന്ന് പറഞ്ഞ് വക്താവ് ഒഴിഞ്ഞുമാറി. ഇത് ട്രംപിന്റെ പ്രസ്താവനയ്ക്ക് അനാവശ്യമായ അന്താരാഷ്ട്ര പ്രാധാന്യം നൽകുന്നത് ഒഴിവാക്കാനുള്ള ഇന്ത്യയുടെ തന്ത്രമായാണ് കരുതപ്പെടുന്നത്.
Tags : Foreign Ministry Trump Latest News