ജയ്പുർ: രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽപ്പെട്ട കാലിൻജാര ഗ്രാമത്തിൽ വിശുദ്ധ കുർബാനയ്ക്കിടെ വിശ്വാസികൾക്കുനേരേ ആക്രമണം അഴിച്ചുവിട്ട് തീവ്ര ഹിന്ദുത്വ പ്രവർത്തകർ.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം നാല് ക്രൈസ്തവരെ അറസ്റ്റ് ചെയ്തതും വിവാദമായി. ഉദയ്പുർ രൂപതയുടെ കീഴിൽ വരുന്ന കാലിൻജാരയിലെ ഗ്രോട്ടോയിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഇന്നു നടക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന്റെ ഭാഗമായി ആരംഭിച്ച നൊവേനയിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കാനെത്തിയ 70 ഓളം വരുന്ന വിശ്വാസികൾക്കു നേരേയാണ്13 പേരടങ്ങുന്ന അക്രമിസംഘം അതിക്രമം നടത്തിയത്.
വിശുദ്ധ കുർബാന സ്വീകരണ സമയത്തായിരുന്നു അക്രമികൾ ആക്രമണം അഴിച്ചുവിട്ടതെന്ന് കാലിൻജാരയിലെ ഹോളി ട്രിനിറ്റി ഇടവക വികാരി ഫാ. അരവിന്ദ് ആംലിയാർ പറഞ്ഞു. ഇതേഗ്രാമത്തിൽനിന്ന് അടുത്തിടെ പൗരോഹിത്യം സ്വീകരിച്ച ഫാ. പാർസിംഗ് ദാമോർ ആണ് തിരുക്കർമ്മങ്ങൾക്കു കാർമികത്വം വഹിച്ചത്.
മതപരിവർത്തനം ആരോപിച്ചായിരുന്നു വിശ്വാസികൾക്കുനേരേ ആക്രമണം നടത്തിയത്. അതിക്രമത്തിനെതിരേ വിശ്വാസികൾ പ്രതിഷേധിക്കുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. മതപരിവർത്തനം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് വിശ്വാസികളെ അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ഇവരെ ജയിലിലടച്ചിരിക്കുകയാണ്.
Tags : Hindutva activists attacked devotees Holy Qurbana Rajasthan