തിരുച്ചിറപ്പള്ളി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. താൻ വിജയിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റിലെ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച വൻ ജനസമ്മേളനത്തിലാണ് പ്രതിപക്ഷ കക്ഷികളെ അക്കമിട്ട് വിമർശിച്ച് വിജയ് ആഞ്ഞടിച്ചത്. "ഞാൻ നിങ്ങളുടെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴക മക്കളുടെ മുഖ്യസേവകനാണ്" എന്ന വിജയ്യുടെ പ്രഖ്യാപനം വൻ ജനാരവത്തോടെയാണ് തിരുച്ചി ജനത സ്വീകരിച്ചത്.
തന്റെ രാഷ്ട്രീയ ശത്രുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വേദിയിൽ വിജയ് കൃത്യമായ മറുപടി നൽകി. തനിക്ക് എതിരാളികൾ ഇല്ലെന്ന് ആരും പറയേണ്ടതില്ലെന്നും, തമിഴ്നാട്ടിൽ ഇനി മത്സരം ഡിഎംകെയും തന്റെ പാർട്ടിയായ ടിവികെയും തമ്മിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ മൂന്നാമതൊരു ശക്തിക്ക് സ്ഥാനമില്ല. സോഷ്യൽ മീഡിയയിൽ മാത്രം സജീവമായി കളം നിറയാൻ ശ്രമിക്കുന്ന ഡിഎംകെ നേതാക്കളെ വേദിയിൽ വിജയ് രൂക്ഷമായ ഭാഷയിലാണ് പരിഹസിച്ചത്.
"എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ" എന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്, തമിഴ്നാട്ടിലെ ഓരോ സാധാരണക്കാരന്റെയും പ്രതിനിധിയാണ് താനെന്നും വ്യക്തമാക്കി. തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ലെന്നും നാളെയും ഈ ബന്ധം ഇങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ ഈ ആദ്യ പ്രസംഗം വലിയ ആവേശത്തോടെയാണ് തമിഴ് ജനത ഏറ്റെടുത്തത്.
Tags : Vijay Latest News Chief Minister Thiruchirappalli Tamil News