ന്യൂഡൽഹി: അനധികൃത കുടിയേറ്റം മൂലമുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിരമിച്ച സുപ്രീംകോടതി ജഡ്ജി പ്രകാശ് പ്രഭാകർ നാല്ലേക്കറുടെ അധ്യക്ഷതയിലാണ് സമിതി പ്രവർത്തിക്കുക.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗാ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഡോ. ഷാമിക രവി എന്നിവരോടൊപ്പം സെൻസസ് കമ്മീഷണറും സമിതിയിൽ അംഗങ്ങളായിരിക്കു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആയിരിക്കും സമിതിയുടെ മെമ്പർ സെക്രട്ടറി.
ഇന്ത്യയിലുടനീളം അസ്വാഭാവികമായ കാരണങ്ങളാൽ സംഭവിക്കുന്ന ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് സമിതി സമഗ്രമായ വിലയിരുത്തൽ നടത്തും. കുടിയേറ്റത്തെ തുടർന്ന് ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങൾ രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, സാമൂഹിക സന്തുലിതാവസ്ഥ എന്നിവയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് അമിത് ഷാ പറഞ്ഞു.
റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് ഒരു വർഷത്തെ കാലാവധിയാണ് നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമിതിയുടെ കാലാവധി ആറ് മാസം വരെ നീട്ടിനൽകാം. ഉന്നതതല സമിതി രൂപീകരിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
Tags : committee study illegal immigration