ന്യൂഡൽഹി: ലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്ന ഒരു കാര്യം തെറ്റാണെന്ന് പ്രഖ്യാപിക്കുന്നത് കോടതിയെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമായ ദൗത്യമാണെന്ന് സുപ്രീംകോടതി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിശാല ബെഞ്ചിന്റെ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വിശ്വാസിയല്ലാത്ത ഒരാളെ ഇത്തരം ഹർജികൾ നൽകാൻ അനുവദിക്കരുത് എന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഭക്തരല്ലാത്തവർ നൽകിയ ഹർജി ശബരിമല വിഷയത്തിൽ എങ്ങനെ സ്വീകരിച്ചു എന്ന ചോദ്യം കോടതി വീണ്ടും ആവർത്തിച്ചു. കൂട്ട ആത്മഹത്യ പോലുള്ള ജീവഹാനി സംഭവിക്കുന്ന സാഹചര്യങ്ങൾ മതനേതാക്കൾ പ്രസംഗിച്ചാൽ കോടതിക്ക് ഇടപെടേണ്ടി വരും. അത്തരം അസാധാരണ സാഹചര്യങ്ങളിൽ സ്വമേധയാ പോലും കേസെടുക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ദൈവത്തിന്റെ സവിശേഷ സ്വഭാവം മനസിലാക്കാതെ കേവലം ഭരണഘടനാ പദങ്ങൾ മാത്രം ഉപയോഗിച്ച് ശബരിമല കേസിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന വാദമാണ് ദേവസ്വം ബോർഡ് പ്രധാനമായും ഉയർത്തുന്നത്. വരും ദിവസങ്ങളിലും വിശാല ബെഞ്ചിന് മുന്നിൽ വാദം തുടരും.
അതേസമയം ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടാത്തവർക്ക് ആ മതത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യാൻ അവകാശമില്ല. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ കോടതികൾ വളരെ ഉയർന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു. യഥാർത്ഥ ഭക്തരുടെ നിലപാട് കേൾക്കാതെ ഒരു ആചാരത്തിന്റെ സാധുത തീരുമാനിക്കരുത്. ശബരിമല, ഗുരുവായൂർ തുടങ്ങിയ ക്ഷേത്രങ്ങളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ മൂന്നാം കക്ഷികൾ നൽകുന്ന ഹർജികളിലൂടെ തിരുത്തപ്പെടരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമലയിലെ നിയന്ത്രണം ലിംഗവിവേചനമല്ലെന്നും മറിച്ച് അയ്യപ്പന്റെ 'നൈഷ്ഠിക ബ്രഹ്മചാരി' എന്ന സവിശേഷ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. ഇത് പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വർഗീകരണം മാത്രമാണ്. 10 വയസ്സിന് താഴെയുള്ളവർക്കും 50 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.