കോൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം ചൂടുപിടിക്കുമ്പോൾ 'ത്സാൽമുരി'യെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ വാക്പോര്. ത്സാൽ മുരി കഴിച്ചതിനെ പരിഹസിച്ച തൃണമൂൽ കോൺഗ്രസിന് മോദി മറുപടി നൽകിയപ്പോൾ, മോദിയുടെ ഭക്ഷണരീതിയെ ചോദ്യം ചെയ്ത് മമതയും രംഗത്തെത്തി.
നാല് ദിവസം മുൻപ് ഝാർഗ്രാമിലെ ഒരു കടയിൽ നിന്ന് മോദി ത്സാൽ മുരി കഴിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. "ഞാൻ ത്സാൽ മുരി കഴിച്ചു, പക്ഷേ അതിന്റെ എരിവ് (ത്സാൽ) തൃണമൂലിനാണ് കൊണ്ടത്" എന്ന് കൃഷ്ണനഗറിലെ റാലിയിൽ മോദി പരിഹസിച്ചു. തന്റെ ലഘുഭക്ഷണം പലരെയും അസ്വസ്ഥരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൽക്കത്തയിലെ ബോബസാറിൽ നടന്ന യോഗത്തിൽ മമത ഇതിന് ശക്തമായ മറുപടി നൽകി. "ത്സാൽ മുരിയുടെ എരിവ് ഞങ്ങൾക്ക് ശീലമാണ്. പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും മീൻ കഴിച്ചിട്ടുണ്ടോ?" എന്ന് മമത ചോദിച്ചു. ബിജെപി സസ്യഭുക്കുകളുടെ പാർട്ടിയാണെന്ന തൃണമൂലിന്റെ പ്രചാരണം ശക്തിപ്പെടുത്താനായിരുന്നു മമതയുടെ ഈ ചോദ്യം. താൻ എല്ലാത്തരം ഭക്ഷണത്തെയും ബഹുമാനിക്കുന്നയാളാണെന്നും ആഹാരത്തിന്റെ പേരിൽ ആരോടും വിവേചനം കാണിക്കാറില്ലെന്നും മമത പറഞ്ഞു. ബംഗാളിന്റെ തനത് ഭക്ഷണമായ ത്സാൽ മുരിയെ മുൻനിർത്തിയുള്ള ഈ തർക്കം തിരഞ്ഞെടുപ്പ് ഗോദയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Tags : 'Jhaal Muri' Bengal Mamata Latest News