ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ മേഖലയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് ഒൻപത് പേർ മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് പേരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആറ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ആരംഭിച്ച തീ അതിവേഗം മൂന്ന്, നാല് നിലകളിലേക്ക് പടരുകയായിരുന്നു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, എസി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്ന് പ്രാദേശികവാസികൾ പറയുന്നു. ശക്തമായ പൊട്ടിത്തെറി ശബ്ദം കേട്ടതായും പിന്നാലെ കെട്ടിടം ആളിപ്പടരുകയായിരുന്നു എന്നും ദൃക്സാക്ഷികൾ മൊഴി നൽകി.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുപതോളം പേരെ ബാൽക്കണി വഴി അഗ്നിശമനസേന രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ പിൻഭാഗത്തെ ഫ്ലാറ്റുകളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തെരച്ചിൽ തുടരുകയാണ്.
Tags : Delhi House Fire Latest News