ഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയിലെ കടലിടുക്ക് മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്കിസ്ഥാനിൽ നിന്നുള്ള ബോട്ട് കണ്ടെത്തി.
ബുധനാഴ്ച ബിഎസ്എഫ് നടത്തിയ പട്രോളിംഗിനിടെയാണു സംശയാസ്പദമായ രീതിയിൽ ഇന്ത്യ-പാക്കിസ്ഥാൻ സമുദ്രാതിർത്തിക്ക് സമീപം ബോട്ട് കണ്ടെത്തിയത്.
പ്രാഥമികപരിശോധനയിൽ ബോട്ടിൽനിന്ന് മത്സ്യബന്ധനത്തിനുള്ള വസ്തുക്കൾ മാത്രമാണ് കണ്ടെത്തിയതെന്നും സംശയാസ്പദമായ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ലെന്നും ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു.
ബോട്ട് കണ്ടെത്തിയതിനെത്തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അറബിക്കടലിലെ ഈ പ്രത്യേക മേഖലയിൽ ഇന്ത്യയിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലും നിയന്ത്രണം ഉണ്ടെങ്കിലും അവിടെനിന്നുള്ള മത്സ്യത്തൊഴിലാളികൾ പലപ്പോഴും വിലക്കുലംഘിച്ച് മേഖലയിൽ പ്രവേശിക്കാറുണ്ട്.