മുംബൈ: സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള വസതിക്കാണ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. എംഐഡിസി വാലുജ് മേഖലയിലുള്ള വീടിന് 24 മണിക്കൂറും പൊലീസ് കാവൽ ഏർപ്പെടുത്തിയ വിവരം ഡപ്യൂട്ടി പോലീസ് കമ്മിഷണർ പങ്കജ് അതുൽക്കർ സ്ഥിരീകരിച്ചു.
കോക്രോച്ച് ജനതാ പാർട്ടി എന്ന വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് മുൻകരുതൽ എന്ന നിലയിൽ ഈ നടപടിയെന്ന് ഡിസിപി പറഞ്ഞു. ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തങ്ങളുടെ ഡിജിറ്റൽ കൂട്ടായ്മയെ വ്യാപകമായി അടിച്ചമർത്താൻ ശ്രമം നടക്കുന്നതായി അഭിജീത്ത് ദിപ്കെ ആരോപിച്ചു. സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റും എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ഒന്നുകിൽ നീക്കം ചെയ്യപ്പെടുകയോ അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്തിരിക്കുകയാണ്. നിലവിൽ ഈ പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാൻ തങ്ങൾക്ക് സാധിക്കുന്നില്ല.
ഇന്ത്യയിൽ നിന്ന് തനിക്ക് നേരിട്ട് ഭീഷണികൾ വരുന്നുണ്ടെന്നും ചിലർ വീടിനു മുന്നിൽ എത്തിയതായി കാണിക്കുന്ന വിഡിയോ സന്ദേശം ലഭിച്ചതായും അഭിജീത്ത് വെളിപ്പെടുത്തി. തന്റെ തീരുമാനങ്ങളുടെ പേരിൽ നാട്ടിലുള്ള മാതാപിതാക്കൾ ബുദ്ധിമുട്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകൻ പ്രശസ്തനായതിൽ സന്തോഷമുണ്ടെങ്കിലും ഇത്തരം രാഷ്ട്രീയ വിഷയങ്ങളിൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ വലിയ ഭയമുണ്ടെന്ന് അഭിജീത്തിന്റെ പിതാവ് പ്രതികരിച്ചു. മകൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് തങ്ങൾക്ക് ഒട്ടും താൽപര്യമില്ലെന്നും, അവൻ പഠനം പൂർത്തിയാക്കി ഒരു ജോലി സമ്പാദിക്കാനാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും മാതാപിതാക്കൾ മറാഠി വാർത്താ ചാനലിനോട് പറഞ്ഞു.
Tags : 'Cockroach Janata Party' Abhijeet Dipke Latest News