ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയിൽ കുടുങ്ങിയ ജഗ് വസന്ത് എന്ന കപ്പൽ പാചകവാതകവുമായി ഗുജറാത്ത് തീരത്തെത്തി. കപ്പലിൽ 47,600 മെട്രിക് ടൺ എൽപിജിയുണ്ടെന്നും ഇതോടെ രാജ്യത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമാകുമെന്നും അധികൃതർ പറഞ്ഞു.
ഗുജറാത്ത് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന് എൽപിജി മാറ്റുന്ന മിഡ്-സീ ട്രാൻസ്ഫർ നടപടികൾ ഇന്ന് ആരംഭിക്കും. യുദ്ധം മൂലം ആഴ്ചകളോളം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന കപ്പൽ നാവികസേനയുടെ സഹായത്തോടെയാണ് ഗുജറാത്തിലെത്തിയത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പൽ ഫെബ്രുവരി 28ന് യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കുവൈറ്റിൽ നിന്ന് ചരക്ക് കയറ്റിയത്. എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ അവിടെ കുടുങ്ങുകയായിരുന്നു. ഇറാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കപ്പലിന് കടന്നുപോകാൻ അനുമതി ലഭിച്ചത്.
ജഗ് വസന്തിനൊപ്പം പുറപ്പെട്ട പൈൻ ഗ്യാസ് എന്ന മറ്റൊരു കപ്പൽ ഇന്ന് മംഗളൂരു തുറമുഖത്ത് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഗൾഫിൽ 22 ഇന്ത്യൻ കപ്പലുകളാണ് കുടുങ്ങിയത്.
Tags : Jag Vasant Gujarat coast lpg