ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇറാൻ നിഷേധിച്ചതിനെതുടർന്ന് പാകിസ്ഥാന്റെ ചരക്ക് കപ്പൽ തിരിച്ചുവിട്ടു. കറാച്ചിയിലേക്ക് പോയ പാകിസ്ഥാന്റെ ‘സെലൻ’ എന്ന കപ്പലിനാണ് അനുമതി നിഷേധിച്ചത്.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ സംഘർഷം അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഇറാന്റെ നടപടി. കാബൂളിലെ ഇറാനിയൻ എംബസിയുടെ പ്രസ്താവന പ്രകാരം കണ്ടെയ്നർ കപ്പലിന് നിർബന്ധിത അനുമതി നേടാനായില്ലെന്നും ഗതാഗതത്തിന് ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ കപ്പൽ പാലിച്ചിട്ടില്ലെന്നും ഇറാനിയൻ അധികൃതർ അറിയിച്ചു.
ഹോർമുസ് ജലപാതയിലൂടെ ഏതൊരു കപ്പലും കടന്നുപോകുന്നതിന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സമുദ്ര അഥോറിറ്റിയുമായി പൂർണമായ ഏകോപനം ആവശ്യമാണെന്നും എല്ലാ കപ്പലുകൾക്കും മുൻകൂർ അനുമതി ലഭിക്കണമെന്നും ഇറാൻ ആവർത്തിച്ചു. കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി ലഭിക്കാത്തതിനാലാണ് കപ്പൽ തിരിച്ചയച്ചതെന്ന് റിയർ അഡ്മിറൽ അലിറേസ തംഗ്സിരി പറഞ്ഞു. ഇറാനിയൻ സമുദ്ര അധികൃതരുമായി കപ്പലുകൾ ഇപ്പോൾ ഗതാഗതം ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യസ്ഥത വഹിക്കാനുള്ള വാഗ്ദാനവുമായി പാകിസ്ഥാൻ മുന്നോട്ട് വന്നിരുന്നു. എല്ലാ കക്ഷികളും സമ്മതിച്ചാൽ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരസ്യമായി പറഞ്ഞു. സംഭാഷണത്തിനുള്ള നിഷ്പക്ഷ വേദിയാകാൻ പാകിസ്ഥാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി.
Tags : Hormuz Traffic denied Pakistani tanker bound Karachi turned back