കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫൽത നിയമസഭാ മണ്ഡലത്തിലെ റീപോളിംഗ് ഇന്ന് നടക്കും. പുനർ വോട്ടെടുപ്പ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിച്ചെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മണ്ഡലത്തിൽ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗിർ ഖാൻ പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് സമാധാനവും വികസനവും ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനമെന്നും ഫൽതയ്ക്കായി ബിജെപി നേതൃത്വത്തിലുള്ള പുതിയ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിനെ പ്രശംസിക്കുകയും ചെയ്തു. എന്നാൽ സ്ഥാനാർഥിയുടെ തീരുമാനം വ്യക്തിപരമാണെന്നും പാർട്ടിയുടെ നിലപാടല്ലെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
ഇതോടെ നിലവിൽ മത്സരം ബിജെപിയുടെ ദേബാംഗ്ഷു പാണ്ഡ, കോൺഗ്രസിന്റെ അബ്ദുൾ റസാഖ് മൊല്ല, സിപിഎമ്മിന്റെ ശംഭു നാഥ് കുർമി എന്നിവർ തമ്മിലാണ്. ഏപ്രിൽ 29ന് നടന്ന തെരഞ്ഞെടുപ്പ് വ്യാപക ക്രമക്കേടുകൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അസാധുവാക്കിയിരുന്നു. ഇതേതുടർന്നാണ് 285 ബൂത്തുകളിലുമുള്ള സമ്പൂർണ പുനർവോട്ടെടുപ്പ് നടത്താൻ കമ്മീഷൻ ഉത്തരവിട്ടത്. വോട്ടെണ്ണൽ ഈ മാസം 24ന് നടക്കും.
Tags : Trinamool candidate withdraws repolling Falta constituency