ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. രണ്ട് ബൈക്കുകളിലായി എത്തിയ ഗോപാൽ പ്രസാദ് കുംഹാർ (38), പങ്കജ് സാഹു (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗോപാലിന്റെ മകൻ ശുഭത്തിന് ഗുരുതരമായി പരിക്കേറ്റു. മദ്യപിച്ച് കാറോടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ഗോപാലും ശുഭവും വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു. ചടങ്ങ് കഴിഞ്ഞ് സ്വന്തം നാടായ മഹാരാജ്പൂരിലേയ്ക്ക് മടങ്ങുന്നതിനിടെ വെള്ളം കുടിക്കാനായി കടയ്ക്ക് സമീപം വാഹനം നിർത്തി. ഈ സമയത്താണ് അമിതവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. സമീപത്ത് തന്നെ മറ്റൊരു വാഹനത്തിൽ നിന്നിരുന്ന പങ്കജിനെയും കാറിടിച്ചു.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗോപാലിനെയും പങ്കജിനെയും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ശുഭം ചികിത്സയിൽ തുടരുകയാണ്.
മദ്യപിച്ച് കാറോടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
Tags : dead injured car accident