ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ 11നാണ് ചടങ്ങുകൾ. അവസാന നിമിഷം സിപിഎം, സിപിഐ, വിസികെ, എഎംഎംകെ എന്നിവരുടെ പിന്തുണ ലഭിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്. ഇതോടെ സഭയിൽ 120 എംഎൽഎമാരുടെ പിന്തുണ വിജയ്ക്ക് ലഭിച്ചു.
പിന്തുണ നൽകിയതിൽ നന്ദി അറിയിക്കാൻ സിപിഎം, സിപിഐ ഓഫീസുകളിൽ വിജയ് എത്തി. നിരവധി പാർട്ടി പ്രവർത്തകരും വിജയ്ക്കൊപ്പമുണ്ടായിരുന്നു. സഖ്യമില്ലെന്നും പുറത്ത് നിന്നും പിന്തുണയാണ് നൽകുന്നതെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും ഇടതു പാർട്ടികൾ അറിയിച്ചു.
കോൺഗ്രസ് ഇടപെടലിലാണ് മുസ്ലിം ലീഗ് ടിവികെയെ പിന്തുണയ്ക്കുന്നത്. കോൺഗ്രസ് മന്ത്രിസഭയിൽ ചേർന്നാണ് ലീഗും ചേരുമെന്നാണ് റിപ്പോർട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴക വെട്രി കഴകം മികച്ച മുന്നേറ്റമാണ് നടത്തിയത്. 234 സീറ്റുകളിൽ 108 എണ്ണം സ്വന്തമാക്കി. എന്നാൽ, കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി ടിവികെയ്ക്ക് ആവശ്യമായി വന്നു.
വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, 113 എംഎൽഎമാരെ മാത്രം വച്ച് നിങ്ങൾ എങ്ങനെ സർക്കാർ രൂപീകരിക്കുമെന്നും ഏതൊക്കെ പാർട്ടികൾ നിങ്ങളെ പിന്തുണയ്ക്കുമെന്നും ഗവർണർ ചോദിച്ചിരുന്നു. അന്ന് വിജയ് നൽകിയ മറുപടിയിൽ ഗവർണർ തൃപ്തനായിരുന്നില്ല. തുടർന്ന് വിജയ് മറ്റ് പാർട്ടികളുടെ പിന്തുണ തേടുകയായിരുന്നു.
അതിനിടെ, തമിഴ്നാട്ടിൽ സഖ്യസർക്കാരുണ്ടാക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അണ്ണാ ഡിഎംകെയോട് ഡിഎംകെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ സഖ്യചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് ഡിഎംകെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടു ചെയ്തു.
Tags : Vijay Oath chief minister Tamilnadu