ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തമിഴക വെട്രി കഴകം സർക്കാരുണ്ടാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ 11 സീറ്റുകളുടെ കുറവാണ് ടിവികെയ്ക്കുള്ളത്. ഈ സാഹചര്യത്തിൽ സ്വതന്ത്രരെയും ചെറുകക്ഷികളെയും ഒപ്പം നിർത്താനാണ് വിജയിന്റെ നീക്കം.
ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ച സിപിഎം നേതൃത്വത്തെ വിജയ് നേരിട്ട് ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പദ്മനാഭപുരം, കീഴ്വേലൂർ എന്നീ മണ്ഡലങ്ങളിൽ വിജയിച്ച രണ്ട് എംഎൽഎമാരാണ് സിപിഎമ്മിനുള്ളത്. ഇവരുടെ പിന്തുണ ടിവികെയ്ക്ക് നിർണായകമാണ്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന.
ടിവികെയുടെ അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയത് തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. "യുവാക്കളുടെ ശബ്ദം പ്രതിഫലിക്കുന്ന ഈ ജനവിധി അവഗണിക്കാൻ കഴിയില്ല" എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി വിജയിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് അനുമോദനം അറിയിച്ചതും ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്-ടിവികെ സഖ്യത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും അവസാന നിമിഷം കോൺഗ്രസ് ഡിഎംകെക്കൊപ്പം നിൽക്കുകയായിരുന്നു. എന്നാൽ ഡിഎംകെ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നിലപാട് മാറ്റുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പരാജയവും പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയും ഡിഎംകെ സഖ്യത്തെ ഉലച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി സ്റ്റാലിനെയും വിളിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും ഭാവി നീക്കങ്ങളെക്കുറിച്ച് വ്യക്തതയില്ല.
Tags : Vijay Tamil Nadu TVK Latest News