ന്യൂഡൽഹി: 1990ൽ നാല് വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ ജമ്മുകാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് തിരിച്ചടി.
ജമ്മു ടെററിസ്റ്റ് ആൻഡ് ഡിസ്റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (ടാഡ) കോടതിയിൽ രണ്ട് പ്രധാന ദൃക്സാക്ഷികൾ യാസിൻ മാലിക്കിനെതിരെ മൊഴി നൽകി.
സ്ക്വാഡ്രൺ ലീഡർ രവി ഖന്ന ഉൾപ്പെടെ നാല് വ്യോമസേനാ സൈനികർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിലെ പ്രധാന ആക്രമി മാലിക്കാണെന്ന് ദൃക്സാക്ഷി തിരിച്ചറിഞ്ഞു.
വെടിവയ്പ്പിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികളായ ഷൗക്കത്ത് ബക്ഷി, നന്ന ജി, ജാവേദ് അഹമ്മദ് എന്നിവരെയും പ്രധാന സാക്ഷി തിരിച്ചറിഞ്ഞു. നന്ന ജി തനിക്കെതിരെ എകെ 47 ചൂണ്ടിയതും ദൃസാക്ഷി ഓർത്തെടുത്തു. പരിക്കേറ്റ ഒരു ഉദ്യോഗസ്ഥനെ എങ്ങനെ ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
അടുത്ത ദിവസമാണ് പരിക്കേറ്റ നാല് ഉദ്യോഗസ്ഥർ മരിച്ചതായി ഞങ്ങൾ അറിഞ്ഞതെന്നും ദൃസാക്ഷി പറഞ്ഞു. ഭീകരവാദ ധനസഹായ കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മാലിക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതിയിൽ ഹാജരായത്.
വാദം കേൾക്കുമ്പോൾ സിബിഐയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ്.കെ. ഭട്ട് സന്നിഹിതനായിരുന്നു. അടുത്ത വാദം കേൾക്കൽ നവംബർ 29 നാണ്.
സംഭവം നടന്ന് 35 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ നടക്കുന്നത്. മാലിക്കും മറ്റ് പ്രതികൾക്കുമെതിരെ ശക്തമായ തെളിവുകൾ എസ്.കെ. ഭട്ടിന്റെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്.
Tags : Witnesses Identify Yasin Malik Main Shooter Air Force Killings