ലക്നോ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ കാറിൽ മയക്കുമരുന്ന് കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ലുധിയാന സ്വദേശി പ്രിൻസി (27) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. 49 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്.
വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പോലീസ് സംഘം പിന്തുടരുകയായിരുന്നു. എന്നാൽ, ഇതിനിടെ പ്രതികൾ പോലീസ് വാഹനത്തിൽ കാറിടിപ്പിച്ച് രക്ഷപ്പെട്ടു. പോലീസ് വാഹനം തകരാറിലായിതോടെ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാരനായ പ്രദീപ് കുമാർ എന്നയാൾ തന്റെ കാർ പോലീസ് ഉദ്യോഗസ്ഥർക്കു നൽകി. തുടർന്ന് ഇദ്ദേഹത്തിന്റെ കാറിൽ പോലീസ് സംഘം പ്രതികളെ പിന്തുടരുകയായിരുന്നു.
ഇതിനിടെ പ്രതികൾ കാറിൽനിന്നു റോഡിലേക്കു നൂറിന്റെ നോട്ടുകൾ എറിഞ്ഞു. തുടർന്ന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം പ്രതികളുടെ കാർ പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ പ്രതികൾ വെടിയുതിർത്തു. പോലീസും തിരിച്ചടിച്ചു. തുടർന്ന് പോലീസിന്റെ വെടിവയ്പ്പിൽ പരിക്കേറ്റ പ്രിൻസിനെ പിടികൂടുകയായിരുന്നു.
ഝാർഖണ്ഡിൽനിന്നു പഞ്ചാബിലേക്കു മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നാണ് പ്രതികൾ പോലീസിനു മൊഴി നൽകിയത്. പ്രതികൾ സഞ്ചരിച്ച കാറിൽനിന്നു നാടൻ തോക്കും 50,000 രൂപയും പോലീസ് പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.