x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരീക്ഷ മുതൽ എസ്ഐആർ വരെ: കോഡുകൾ കൊണ്ട് വ്യവസ്ഥിതിയെ തിരുത്തുന്ന 'ഹാക്കർ' പോരാളി സാർത്ഥക് സിദ്ധാന്തിന്‍റെ കഥ

ഡെന്നിസ് ജേക്കബ്
Published: November 26, 2026 02:50 PM IST | Updated: November 26, 2026 02:50 PM IST

സാർത്ഥക് സിദ്ധാന്ത് (File Photo)

ന്യൂഡൽഹി: സാധാരണയായി 'ഹാക്കർ' എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്നത് സൈബർ തട്ടിപ്പുകളോ രഹസ്യങ്ങൾ ചോർത്തുന്നവരോ ആണ്. എന്നാൽ, സാങ്കേതികവിദ്യയെ സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ആയുധമാക്കി മാറ്റുന്ന ഒരു യുവപ്രതിഭയുണ്ട്—അതാണ് സാർത്ഥക് സിദ്ധാന്ത്.

സാധാരണ വിദ്യാർത്ഥി ജീവിതത്തിനപ്പുറം, പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടാൻ തയാറാകുന്ന പുതുതലമുറയുടെ പ്രതീകമായി സാർത്ഥക് സിദ്ധാന്തിനെ കാണാം. ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യത്തിന് എത്രത്തോളം സ്വാധീനം ചെലുത്താനാകും എന്നതിന്‍റെ ഓർമപ്പെടുത്തൽ കൂടിയാണിത്.

പരീക്ഷാ പേപ്പറുകളിലെ പിഴവുകൾ മുതൽ ലക്ഷക്കണക്കിന് വോട്ടർമാരുടെ വിവരങ്ങൾ വരെ വിരൽത്തുമ്പിലെത്തിക്കുന്ന സാർത്ഥകിന്‍റെ ഇടപെടലുകൾ തികച്ചും കൗതുകകരമാണ്.

6.8 ലക്ഷം വോട്ടർ പട്ടികകൾ വിരൽത്തുമ്പിലേക്ക്!

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക SIR പട്ടികയിൽ നിന്ന് സ്വന്തം പേരും വിവരങ്ങളും തിരയുക എന്നത് സാധാരണക്കാർക്ക് വലിയ തലവേദനയായിരുന്നു. കമ്മീഷൻ പുറത്തുവിട്ടത് വെറും സ്കാൻ ചെയ്ത പിഡിഎഫ് (PDF) ഫയലുകൾ മാത്രമായതിനാൽ, അവയിൽ പേര് തിരയുക അസാധ്യമായിരുന്നു.

ഇവിടെയാണ് എത്തിക്കൽ ഹാക്കറായ സാർത്ഥക് സിദ്ധാന്തും സംഘവും രംഗത്തിറങ്ങിയത്: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിലുള്ള 6.8 ലക്ഷം സ്കാൻ ചെയ്ത പിഡിഎഫ് ഫയലുകൾ ഇവർ വിജയകരമായി ഡിജിറ്റൈസ് ചെയ്തു. OCR ഉപയോഗിച്ച് ഈ ഫയലുകളെല്ലാം എളുപ്പത്തിൽ സെർച്ച് ചെയ്യാവുന്ന ഡേറ്റയാക്കി മാറ്റി. ഇതോടെ വോട്ടർമാർക്ക് നിമിഷനേരം കൊണ്ട് തങ്ങളുടെ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചു.

സിബിഎസ്ഇയുടെ 'ഓൺ സ്ക്രീൻ മാർക്കിംഗ്' പൊളിച്ചടുക്കിയപ്പോൾ

വോട്ടർ പട്ടികയ്ക്ക് മുൻപേ തന്നെ സാർത്ഥക് ദേശീയ ശ്രദ്ധ നേടിയിരുന്നു. സിബിഎസ്ഇയുടെ ഓൺലൈൻ ഡിജിറ്റൽ മൂല്യനിർണയ രീതിയായ 'ഓൺ സ്ക്രീൻ മാർക്കിംഗ്' സംവിധാനത്തിലെ ഗുരുതരമായ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് അദ്ദേഹം ആദ്യം വാർത്തകളിൽ നിറഞ്ഞത്.

റാഞ്ചിയിലെ വിദ്യാർഥിയിരിക്കെ, പരീക്ഷാ മൂല്യനിർണത്തിലെ സാങ്കേതിക പിഴവുകളും പൊരുത്തക്കേടുകളും കൃത്യമായ തെളിവുകളുടെയും വിവരാവകാശ രേഖകളുടെയും പിൻബലത്തിൽ അദ്ദേഹം തുറന്നുകാട്ടി. ഒരു വിദ്യാർഥിടെ നിശ്ചയദാർഢ്യം വലിയൊരു വിദ്യാഭ്യാസ ബോർഡിന്‍റെ പ്രവർത്തനങ്ങളെപ്പോലും ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളർന്നത് അങ്ങനെയാണ്.

സാങ്കേതികവിദ്യ ജനങ്ങൾക്കായി

വലിയ സംവിധാനങ്ങൾ തീർക്കുന്ന സാങ്കേതിക തടസങ്ങളെ, അതേ സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്നെ മറികടക്കുകയാണ് സാർത്ഥക് സിദ്ധാന്ത് ചെയ്യുന്നത്. പരീക്ഷാ ഹാളിലെ നീതിനിഷേധമായാലും വോട്ടർ പട്ടികയിലെ സങ്കീർണതയായാലും, കൃത്യമായ കോഡിംഗും സാമൂഹിക പ്രതിബദ്ധതയും ചേർന്നാൽ ഏത് പൂട്ടും തുറക്കാമെന്ന് ഈ യുവ എത്തിക്കൽ ഹാക്കർ തെളിയിക്കുന്നു.

Tags : SarthakSiddhant CBSEExamination SIR EthicalHacker

Recent News

Corehub Up